മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ചരിത്രനേട്ടം സ്വന്തമാക്കി സ്പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവിനെ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്.
ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം നദാലിന്റെ അക്കൗണ്ടിലായി. 20 ഗ്രാന്‍ഡ്സ്ലാം വീതം നേടിയ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാല്‍ മറികടന്നത്.
അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തോനൊടുവിലാണ് റാഫേൽ നദാൽ നേട്ടം കരസ്ഥമാക്കിയത്. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം പിന്നീട് മൂന്ന് സെറ്റുകള്‍ നേടിക്കൊണ്ട് നദാല്‍ മത്സരം സ്വന്തമാക്കി.
സ്കോര്‍; 2-6, 6-7, 6-4, 6-4, 7-5
മെദ്വെദേവ് അനായാസ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും പരിചയസമ്പത്തിന്റെ കരുത്തില്‍ നദാല്‍ തിരിച്ചടിക്കുകയായിരുന്നു. മൂന്ന്, നാല്, അഞ്ച് സെറ്റുകളില്‍ നദാലിന്റെ മാരക ഫോമിന് മുന്നില്‍ പിടിച്ചുനില്ക്കാന് മെദ്വെദേവിന് സാധിച്ചില്ല.
നദാല്‍ നേടുന്ന രണ്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഇതിന് മുന്‍പ് 2009-ലാണ് താരം കിരീടത്തില്‍ മുത്തമിട്ടത്. അന്ന് റോജര്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്.
വിംബിള്‍ഡണ്‍ രണ്ട് തവണയും സ്വന്തമാക്കി. യുഎസ് ഓപ്പണില്‍ നാല് തവണ കിരീടത്തില്‍ സ്വന്തമാക്കി. ബാക്കി 13 തവണയും ഫ്രഞ്ച് ഓപ്പണിലായിരുന്നു നദാലിന്റെ വിജയനേട്ടം. മെദ്വദേവ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ തവണ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടു.