ലക്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ കല്ലേറും കരിങ്കൊടിയും. ശിവാൽഖാസിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ മനീന്ദർപാൽ സിങ്ങിനുനേരെ നാട്ടുകാർ കരിങ്കൊടി ഉയർത്തുകയും കല്ലും മണ്ണുമെറിഞ്ഞ് ഓടിക്കുകയും ചെയ്തു.
പടിഞ്ഞാറൻ യു.പിയിലെ ചൂർ ഗ്രാമത്തിലാണ് സംഭവം. ചൂറിൽ വോട്ട് ചോദിച്ച് എത്തിയപ്പോഴാണ് ഒരുസംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥാനാർത്ഥിയെ അനുഗമിച്ച ഏഴ് കാറുകൾ കല്ലേറിൽ തകർന്നതായി മനീന്ദർപാൽ സിങ് ആരോപിച്ചു.
സംഭവത്തിൽ 85ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും നാട്ടുകാർ നമ്മുടെ ആളുകളാണെന്നും ഇവർക്ക് മാപ്പുനൽകുന്നുവെന്നും മനീന്ദർപാൽ പ്രതികരിച്ചു.
സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞയാളുടെ കൈയിൽ രാഷ്ട്രീയ ലോക്ദളിന്റെ(ആർ.എൽ.ഡി) പതാകയുണ്ടായിരുന്നതായി എഫ്.ഐ.ആറിൽ പറയുന്നു.