ബത്തേരി : വന്യമൃഗ ശല്യത്താൽ ജീവിതം വഴിമുട്ടിയ ഗതിയിലാണ് വടക്കനാട്ടുകാർ. ഏക വരുമാനമാർഗമായ കാർഷികവിളകൾ നശിപ്പിക്കുന്നതിനൊപ്പം എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാവാം എന്ന അവസ്ഥയിലേക്കെത്തിയതോടെ ഇവിടത്തെ ജനങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നത്.
ഒരിടവേളയ്ക്കുശേഷമാണിപ്പോൾ വടക്കനാട് പ്രദേശത്ത് വന്യമൃഗശല്യം വീണ്ടും രൂക്ഷമായത്. കാടിറങ്ങിയെത്തുന്ന ആനകളും കൂട്ടമായെത്തുന്ന മാനും പന്നിയും കുരങ്ങുമെല്ലാം ഇവിടെ മനുഷ്യജീവനും സ്വത്തിനും ഒരുപോലെ ഭീഷണി സൃഷ്ടിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമെല്ലാം ഇപ്പോൾ രാപകൽ വ്യത്യാസമില്ലാതെ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.