നിലമ്പൂർ : ചാലിയാർ പഞ്ചായത്തിലെ വാളാംതോട്ടിൽ പുള്ളിപ്പുലിയിറങ്ങി. പുള്ളിപ്പുലിയുടെ സി.സി.ടി.വി. ദൃശ്യം കണ്ടതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ 3.30-ഓടെയാണ് വാളാംതോട്ടിലെ ഒറ്റതെങ്ങുങ്കൽ മാത്യുവിന്റെ വീട്ടുമുറ്റത്തെ പട്ടിയെ പിടികൂടാൻ പുള്ളിപ്പുലി ശ്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് കഴുത്തിന് ഉൾപ്പെടെ പരിക്കേറ്റ നിലയിൽ പട്ടിയെ കണ്ടത്. െബംഗളൂരു ഐ.ടി. കമ്പനിയിലെ ജീവനക്കാരനായ മാത്യുവിന്റെ മകൻ മെൽസൻ വീട്ടിലെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മുറ്റത്തിനു സമീപം പതുങ്ങിയിരുന്ന പുള്ളിപ്പുലി പട്ടിയെ പിടികൂടാൻ ഓടിക്കുന്ന രംഗം കണ്ടത്.
ജോലി വീട്ടിലിരുന്ന് രാത്രിയാണ് ചെയ്യുന്നതെന്നും അതിനാൽ ഈ സമയം ഉറങ്ങിയിരുന്നില്ലെന്നും മെൽസൻ പറഞ്ഞു. തന്റെ ബൈക്ക് വീടിനു മുൻപിലാണ് നിർത്തിയിട്ടിരുന്നത്. ഇവിടെയാണ് പട്ടി കിടന്നിരുന്നത്. രണ്ട് വളർത്തുപട്ടികൾ ഉണ്ട്. ഒന്നിനെ പുലി ആക്രമിച്ചപ്പോൾ രണ്ടാമത്തെ പട്ടി പുലിയെ ആക്രമിച്ചു. ഇതിനാലാണ് പട്ടിയെ കൊണ്ടുപോകാൻ കഴിയാതിരുന്നത്.