മുംബൈ: പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തെ തുടർന്ന് ഡൽഹിയിലെ വീട്ടിൽനിന്ന് ഒളിച്ചോടിയ 14കാരി എത്തിപ്പെട്ടത് മഹാരാഷ്ട്രയിൽ. രക്ഷകവേഷത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ എത്തിയതോടെ മാതാപിതാക്കൾക്ക് പെൺകുട്ടിയെ തിരിച്ചുകിട്ടി.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതാണ് വീണ്ടും വീട്ടുകാരുമായി പെണ്‍കുട്ടി ഒന്നിക്കുന്നതിന് കളമൊരുക്കിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. പാല്‍ഘറില്‍ വസായ് സ്റ്റേഷന് മുന്നില്‍ ട്രിപ്പിനായി ഓട്ടോറിക്ഷ ഡ്രൈവര്‍ രാജു കാത്തുനില്‍ക്കുമ്പോഴാണ് 14കാരി സമീപിച്ചത്.
പ്രദേശത്ത് താമസിക്കാന്‍ ഒരു മുറി കിട്ടുമോ എന്ന് ചോദിച്ച് കൊണ്ടാണ് പെണ്‍കുട്ടി ഓട്ടോറിക്ഷ ഡ്രൈവറെ സമീപിച്ചത്. സംശയം തോന്നിയ രാജു, പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നാണ് വരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒറ്റയ്ക്കാണെന്നും അറിയിച്ചു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ട്രാഫിക് പോലീസിനെ രാജു വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിച്ച് കാര്യങ്ങള്‍ തിരക്കി.
പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പറഞ്ഞ് മാതാപിതാക്കള്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നത് സഹിക്കാന്‍ വയ്യാതെയാണ് വീട്ടില്‍ നിന്ന് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി അറിയിച്ചതായി പോലീസ് പറയുന്നു. ഉടന്‍ തന്നെ ഡല്‍ഹിയിലുള്ള കുടുംബത്തെ വിളിച്ചറിയിച്ചതോടെയാണ് പെണ്‍കുട്ടി വീണ്ടും കുടുംബവുമായി ഒന്നിച്ചത്. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.