പ്രമുഖ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. ഇപ്പോഴിതാ പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ കമ്പനി വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡസ്റ്റർ എസ്‌യുവിയിൽ ഉൾപ്പെടെ വിദേശത്ത് വിൽക്കുന്ന നിരവധി കാറുകളിൽ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ SCe യൂണിറ്റിന്റെ ഡീട്യൂൺ ചെയ്‍ത 1.0 ലിറ്റർ മൂന്ന് സിലിണ്ടർ യൂണിറ്റായിരിക്കും ഈ പുതിയ പെട്രോൾ എഞ്ചിനെന്നും ആദ്യമിത് റെനോ ട്രൈബറിലാവും പരീക്ഷിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ട്രൈബറിന്‍റെ ചിറകിലേറി നവംബര്‍ മാസത്തെ വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ വളര്‍ച്ചാണ് റെനോ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6134 വാഹനങ്ങളാണ് നിരത്തിലെത്തിച്ചതെങ്കില്‍ 2019 നവംബറില്‍ 10,882 വാഹനങ്ങള്‍ റെനോ നിരത്തിലെത്തിച്ചെന്നാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായും റെനോ മാറുകയും ചെയ്തു.