ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് മത്സരത്തിലെ പുത്തന്‍ താരോദയമാണ് ഇന്ത്യയുടെ രവി കുമാര്‍. മികച്ച ഇടംകൈയന്‍ പേസര്‍ക്കായുള്ള ടീം ഇന്ത്യയുടെ അന്വേഷണം രവി കുമാറിലൂടെ അവസാനിക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് വിദഗ്ധര്‍.
610 അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തിയ സഹീര്‍ ഖാന് വിരമിച്ചത് മുതൽ എല്ലാ ഫോര്‍മാറ്റിലും മികവുകാട്ടുന്ന ഇടംകൈയന്‍ പേസര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ജയ്ദേവ് ഉനദ്കട്ടും ഖലീൽ അഹമ്മദും ബരീന്ദര്‍ സ്രാനും ടി നടരാജനും ഒക്കെ ടീമിലെത്തിയെങ്കിലും പല കാരണങ്ങളാല്‍ നീലപ്പടയിൽ നിന്ന് പുറത്തുപോയി. ഇന്ത്യന്‍ പേസ് ആക്രമണം ചിലപ്പോഴെങ്കിലും ഒരേ ശൈലിയിൽ ഉള്ളതാണെന്ന ആക്ഷേപം ഉയരുമ്പോഴാണ് രവി കുമാര്‍ എന്ന 18കാരന് പുതിയ പ്രതീക്ഷ അർപ്പിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിലെ സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ രവി കുമാര്‍ അണ്ടര്‍ 19 ലോകകപ്പിലും മികവ് ആവര്‍ത്തിച്ചു. ക്വാര്‍ട്ടറിലെ ആദ്യ സ്പെല്ലിൽ തന്നെ ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റ്. ഏഴ് ഓവറില്‍ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറിനെ ഇന്ത്യന്‍ താരം ആര് അശ്വിന് അടക്കമുള്ളവര്‍ അഭിനന്ദിക്കുകയും ചെയ്തു.