പത്തനംതിട്ട : പ്രൈവറ്റ് ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് യാർഡ് പുനർനിർമ്മിക്കാൻ നഗരസഭ. ഇതിനായി തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന ആരംഭിച്ചു. ബസ്റ്റാന്റ് യാഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. നിലം നികത്തിയ സ്ഥലത്ത് മാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങളുമെല്ലാമിട്ടാണ് ബസ് സ്റ്റാൻഡ് യാർഡ് നിർമ്മിച്ചിട്ടുള്ളത്.
യാഡിന്റെ നിർമ്മാണ ഘട്ടത്തിന്റ തന്നെ നല്ല രീതിയിൽ മണ്ണ് ഉറപ്പിക്കാതിരുന്നതിനാൽ വാഹനങ്ങൾ കയറിയിറങ്ങുന്നതനുസരിച്ച് കുഴി രൂപപ്പെടുകയാണ്. എല്ലാ വർഷവും പരാതി ലഭിക്കുമ്പോഴും മണ്ഡലകാല സമയവുമാണ് യാർഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത്. വർഷങ്ങളായി വലിയ തുക ചെലവാക്കിയെങ്കിലും ഇതുവരെ പ്രയോജനമുണ്ടായില്ല. മഴക്കാലത്ത് ചെളിക്കുളമാകുന്ന ബസ് സ്റ്റാന്റ് യാർഡിൽ വേനൽക്കാലത്ത് പൊടിശല്യം വളരെ രൂക്ഷമാണ്.