വിതുര: മലയോരമേഖലയിൽ വീണ്ടും ലഹരി മാഫിയ പിടിമുറുക്കുന്നതായി ആരോപണം . കഞ്ചാവും പാൻമസാലകളും വൻതോതിൽ ഒഴുകിയിട്ടും നടപടികളില്ല. മാസങ്ങളായി ഇതാണ് അവസ്ഥ. വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിൽ കഞ്ചാവ് മാഫിയ തഴച്ചു വളർന്നിരിക്കുകയാണ്. ആദിവാസിമേഖലകളിലും ലഹരി സംഘം ചുവടുറപ്പിച്ചുകഴിഞ്ഞു. പാൻമസാല വില്പനയുടെ സ്ഥിതിയും വിഭിന്നമല്ല.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പാൻമസാലകളും കഞ്ചാവും ഗ്രാമീണമേഖലയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. അഞ്ച് രൂപയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ സുലഭമായി ലഭിക്കുന്ന പാൻമസാലകൾ ഇവിടെ അമ്പത് രൂപയ്ക്ക് വരെ വിറ്റഴിക്കുന്നുണ്ട്. അമിത ലാഭം ലഭിക്കുന്നതിനാൽ യുവസംഘങ്ങൾ കഞ്ചാവ് വില്പനയ്ക്കായി പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കുന്നുണ്ട്. പൊലീസും എക്സൈസും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇക്കൂട്ടരെ അമർച്ച ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല.