കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അടിയന്തര യോഗം വിളിച്ചു. 1ന് ചേരുന്ന അടിയന്തര യോഗത്തിലെ ചില്‍ഡ്രന്‍സ് ഹോമിലെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 26നു വൈകിട്ട് ഒളിച്ചോടിയ പെണ്‍കുട്ടികളെ കര്‍ണാടകയില്‍നിന്നും മലപ്പുറത്തുനിന്നുമാണ് പിടികൂടിയത്. അതിനിടെ മകളെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്കി.
പെൺകുട്ടികളെ ഇന്നലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. പോലീസ് അന്വേഷണത്തില്‍ കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
കേസിൽ പെൺകുട്ടികളുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഈ പെൺകുട്ടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തി. കോടതിയില്‍ രഹസ്യമൊഴി നല്കിയ പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ ജനുവരി 28ന് വൈകുന്നേരത്തോടെ ചെവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് രാത്രിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളെ രാത്രി 12.30 ടെ കോഴിക്കോടെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത ടോമിൻ്റെയും ഫെബിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്സോ 7, 8,വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ട്’ 77 പ്രകാരമാണ് അറസ്റ്റ്. ബംഗളൂരുവിൽ വച്ച് പെൺകുട്ടികളെ പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുകയും തുടർന്ന് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പെൺകുട്ടികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.