ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ പ്രിയതമയ്ക്ക് പിറന്നാൾ സമ്മാനമൊരുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. കണ്ണഞ്ചിപ്പിക്കുന്ന ലേസർഷോയിലൂടെ ജോർജിനാ റോഡ്രിഗസിൻ്റെ മുഖം ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചാണ് അത്യപൂർവ പിറന്നാൾ സമ്മാനം അദ്ദേഹം നൽകിയത്. ‘ഹാപ്പി ബർത്ത്ഡേ ജിയോ’ എന്ന സന്ദേശവും കാണിച്ചാണ് ലേസർ ഷോ അവസാനിക്കുന്നത്.
ലോകത്തിലെ ഏറ്റവും ധനികരായ അത്ലറ്റുകളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോ തൻ്റെ കാമുകിക്ക് 50 ലക്ഷം രൂപയുടെ പിറന്നാൾ സമ്മാനം നൽകിയ വാർത്ത ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ജോർജിനയുടെ പുതിയ നെറ്റ്ഫ്ളിക്സ് ഷോയിൽ നിന്നുള്ള ക്ലിപ്പുകളാണ് താരം ഇതിനായി ഉപയോഗിച്ചത്. ബുർജ് ഖലീഫയുടെ മുൻവശത്തുനിന്ന് പകർത്തിയ വീഡിയോയും അദ്ദേഹം തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നെറ്റ്ഫ്ലിക്സ് ആണ് 30 സെക്കന്റ് ദൈർഘ്യമുള്ള പിറന്നാൾ വീഡിയോ തയ്യാറാക്കിയത്. ജോർജീനക്കും നാല് മക്കൾക്കുമൊപ്പമാണ് റൊണാൾഡോ ദുബൈയിലെത്തിയത്. 2016 ജൂണിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടർന്ന് അഞ്ച് വർഷത്തിലേറെയായി ഒരുമിച്ച് കഴിയുകയാണ്. നർത്തകിയും മോഡലുമായ ജോർജിന സ്പെയിനിലെ ജാക്ക സ്വദേശിനിയാണ്.
റൊണാൾഡോയെപ്പോലെ ജോർജിനയും ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണ്. 2020 ൽ ജോർജീനയുടെ 27-ാംമത് പിറന്നാൾ ആഘോഷിക്കാൻ ഇറ്റലിയിലെ സ്കൈ റിസോർട്ടിൽ എത്തിയ റൊണാൾഡോ പ്രോട്ടോക്കോൾ ലംഘിച്ചതിന് വിവാദത്തിൽപ്പെട്ടിരുന്നു. ദമ്പതികൾ ഇരട്ട കുട്ടികളെ പ്രതീക്ഷിക്കുന്നുണ്ടെന്ന വാർത്ത സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.