കോട്ടയം: ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊടി തോരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ ആണ് കേസ്. സിപിഎം പ്രാദേശിക നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മൂലേടം ദിവാൻ കവലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ ആണ് 13 ന് പുലർച്ചെ നശിപ്പിക്കപ്പെട്ടത്.
കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മറിയപ്പള്ളിയെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം ദിവാൻ കവലയിലെ ഇന്ദിരാ ഗാന്ധി രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സ്ഥാപിച്ച കൊടി തോരണങ്ങൾ എടുത്ത് മാറ്റുക മാത്രമാണ് ചെയ്തതെന്ന് നാട്ടകം സുരേഷ് വ്യക്തമാക്കി. സിപിഎം നേതാക്കളോട് മണ്ഡപത്തിന് മുന്നിലെ കൊടികൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരത് മാറ്റാത്തത് കൊണ്ടാണ് തങ്ങൾ നീക്കിയതെന്നും സുരേഷ് പറഞ്ഞു.