തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസില്‍ ഗവർണ്ണറുടെ ഇടപെടൽ. സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണ്ണറുടെ നിര്‍ദ്ദേശം. യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് ഗവർണ്ണറുടെ നടപടി. ഉടൻ വിശദീകരണം നല്കാൻ പരാതികൾ മുഖ്യമന്ത്രിക്ക് അയച്ചു.
മറുപടി കിട്ടിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം ആവശ്യമാണോ എന്ന് ആരിഫ് മുഹമ്മദ്ഖാന് തീരുമാനമെടുക്കും. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്നതും സര്‍ക്കാരിന് ലോകായുക്ത വിധികളില്‍ അപ്പീല്പരിഗണിക്കാന് അധികാരം നല്‍കുന്നതുമായ ഓര്‍ഡിനന്‍സിലാണ് ഒപ്പുവെക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവര്‍ണരെ കണ്ടത്.
ഓര്‍ഡിനന്‍സ് നിലവില്‍വന്നാല്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതെയാകുമെന്നും വെറുമൊരു ഉപദേശ സംവിധാനമായി അതു ചുരുങ്ങുമെന്ന വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. മാത്രമല്ല ലോകായുക്ത വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമഭേദഗതി. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ പരാമര്‍ശം വന്നാല്‍ അത് ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കെതിരെ വിധിപ്രസ്താവം ഉണ്ടായാല്‍ അത് മുഖ്യമന്ത്രിക്കും പുനപരിശോധിക്കാമെന്നും ഓര്‍ഡിനന്‍സ് പറയുന്നു.
ഓര്‍ഡിനന്‍സിലെ ഈ വകുപ്പ് ചട്ടവിരുദ്ധവും നിയമവാഴ്ചക്ക് എതിരുമാണെന്ന വാദമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. ലോകായുക്ത വിധി പുനപരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിക്ക് മാത്രമാണ്. ജുഡീഷ്യറിയുടെ അധികാരം കവരുന്നതാണ് ഓര്‍ഡിനന്‍സെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല പ്രസിഡന്റിൻ്റെ അനുമതിയോടെ പാസാക്കിയ നിയമത്തില്‍ കാതലായ മാറ്റം വരുത്തുമ്പോള്‍ അതിനും പ്രസിഡന്റിന്റെ അനുവാദം വേണമെന്ന് പ്രതിപക്ഷം വാദിക്കുന്നു.
പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കളടെ പ്രതിനിധി സംഘവും എം കെ പ്രേമചന്ദ്രന് എംപിയുമാണ് ഓര്‍ഡിനന്‍സിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇവയുടെ പകര്‍പ്പ് ഗവര്‍ണര്‍ സര്‍ക്കാരിന് നല്കി. ഇവയുന്നയിച്ച കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന മറുപടി പരിഗണിച്ചശേഷം കൂടുതല്‍നിയമോപദേശം വേണ്ടതുണ്ടോ എന്ന് ഗവര്‍ണർ തീരുമാനിക്കും.