മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടിക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ തകര്‍ത്താണ് ബാര്‍ട്ടിയുടെ കിരീട നേട്ടം. 1978ന് ശേഷം ചാമ്പ്യനാകുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിത എന്ന വിശേഷണവും ബാര്‍ട്ടിക്ക് സ്വന്തം.
ബാര്‍ട്ടിയുടെ കന്നി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. സ്കോര്‍ 6-3, 7-6. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ബാര്‍ട്ടി കിരീടം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണിൻ്റെ ഫൈനലില്‍ കടക്കുന്ന ഓസീസ് താരമെന്ന നേട്ടം നേരത്തെ തന്നെ ബാര്‍ട്ടി സ്വന്തമാക്കിയിരുന്നു.
🖤💛❤️
The moment Evonne Goolagong Cawley crowned @ashbarty the #AusOpen women’s singles champion 🏆#AO2022 pic.twitter.com/ASBtI8xHjg
— #AusOpen (@AustralianOpen) January 29, 2022
1980-ല്‍ വെന്‍ഡി ടണ്‍ബുള്ളാണ് ബാര്‍ട്ടിക്ക് മുമ്പ് അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ച ഓസീസ് താരം. ആദ്യ സെറ്റിലെ ആറാം ഗെയിമിൽ കോളിന്‍സിനെ ബ്രേക്ക് ചെയ്ത് മുന്നിലെത്തിയ ബാര്‍ട്ടി 6-3ന് ആദ്യ സെറ്റ് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ കോളിന്‍സിന്റെ മുന്നേറ്റമായിരുന്നു കണ്ടത്.
5-1ന് അമേരിക്കന്‍ താരം മുന്നിലെത്തിയതോടെ ടൂര്‍ണമെന്റില്‍ ആദ്യമായി ബാര്‍ട്ടിക്ക് മൂന്നാം സെറ്റ് കളിക്കേണ്ടിവരുമെന്ന് കരുതി. എന്നാൽ അവിശ്വസനീയ തിരിച്ചുവരവിലൂടെ ടൈബ്രേക്കറിലേക്ക് രണ്ടാം സെറ്റ് നീട്ടിയ ബാര്‍ട്ടി ടൈ ബ്രേക്കറില്‍ 7-2ന് സെറ്റ് സ്വന്തമാക്കി കിരീടം ഉറപ്പിച്ചു. 1978ല്‍ ക്രിസ് ഓ നീല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയശേഷം ചാമ്പ്യനാകുന്ന ആദ്യ താരമാണ് ബാര്‍ട്ടി.
🏆 @ashbarty 💙#AusOpen • #AO2022 pic.twitter.com/fZUMFuQkEx
— #AusOpen (@AustralianOpen) January 29, 2022
ക്രിസ്റ്റീന്‍ ഒ നീൽ കിരീടം നേടിയ അതേ സ്കോറില്‍ ഓസ്ട്രേലിയന്‍ താരത്തിന് ജന്മനാട്ടിൽ ഹാപ്പി സ്ലാം. 2019ലെ ഫ്രഞ്ച് ഓപ്പണിനും കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണിനും ശേഷം ബാര്‍ട്ടിയുടെ ആദ്യ ഗ്രാന്സ്ലാം വിജയം. ഫൈനലിൽ തോറ്റെങ്കിലും ലോക റാങ്കിംഗില്‍ ആദ്യ പത്തിലേക്ക് മുന്നേറുന്നതിന്റെ ആശ്വാസത്തിൽ കോളിന്‍സിന് മടക്കം.