ഇടുക്കി: രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയതായി ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്. ഇനിയും ഉയര്‍ന്നുവരാന്‍ നേതാക്കളുണ്ട്. അവരുടെ അവസരം തട്ടിക്കെടുത്താനാകില്ലെന്നും രാജേന്ദ്രന് പറഞ്ഞു. എന്താണ് പാർട്ടി എന്ന് അറിയാത്ത കാലത്ത് കൂടിയതാണ് സിപിഎമ്മിനൊപ്പം അങ്ങനെയുള്ള തനിക്ക് മറ്റൊരു പാർട്ടിയിൽ പോവാനാവില്ലെന്നും രാജേന്ദ്രന് കൂട്ടിച്ചേർത്തു.
തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്ന് പോകാൻ കഴിയില്ല. എട്ട് മാസമായി ഒരു പ്രവർത്തനങ്ങളും നടത്താറില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്ക് എതിരായിട്ടുള്ള പ്രചരണങ്ങൾ കൂടുതലും നടത്തിയതെന്നും പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് എസ് രാജേന്ദ്രനെ സിപിഎം ഒരു വർഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയത്.
പിന്നാലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് സസ്പെൻഡ് ചെയ്യുകയായിരുന്നു. ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്.
തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിര്‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയതെന്നും പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.