ബംഗളൂരു: കൊവിഡിന്റെ മൂന്നാം തരംഗത്തെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നിലവിൽ വരും. ആദ്യഘട്ടത്തിൽ ബംഗളൂരുവിലെ സ്കൂളുകളും കോളേജുകളുമാണ് തുറക്കുക.എന്നാൽ കൊവിഡ് ചട്ടങ്ങൾ ശക്തമായി പാലിച്ചുകൊണ്ടാകും പഠനം പുനരാരംഭിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി.
പുതിയ ചട്ടങ്ങളനുസരിച്ച് സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും എത്തണം. മുൻപ് ഇത് 50 ശതമാനമായിരുന്നു. പക്ഷെ തീയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, മൾട്ടിപ്ളക്സുകൾ, ജിം, സ്വിമ്മിംഗ് പൂളുകൾ എന്നിവിടങ്ങളിൽ 50 ശതമാനം പേർക്കേ പ്രവേശനമുളളു.വിവാഹ ചടങ്ങുകളിൽ പരമാവധി 300 പേർക്കാണ് പ്രവേശനം ഉള്ളത്. അടച്ചിട്ടയിടങ്ങളിൽ ഇത് 200 ആണ്.
എല്ലാ സാമൂഹിക, രാഷ്ട്രീയ ചടങ്ങുകളും കൊവിഡ് ചട്ടമനുസരിച്ചാകും. സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകളാണ് കൊവിഡ് രോഗികൾക്ക് നീക്കിവച്ചത്. മറ്റ് രോഗികൾക്കും ചികിത്സ ഉറപ്പാക്കും. കേരളം, ഗോവ, മഹാരാഷ്ട്ര അതിർത്തികളിൽ ശക്തമായ ജാഗ്രതയുണ്ടാകും.