ഡൽഹി: ഇസ്രയേലി ചാരസോഫ്റ്റ്വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധിവ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ ചോർത്തിയത് രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി വിമര്‍ശിക്കുകയും ചെയ്തു.
ഇസ്രയേലി ചാരസോഫ്റ്റ്വെയറായ പെഗാസസ് 2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്റെ ഇതുവരെയുള്ള നിലപാട്. പക്ഷെ 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാന്‍ ധാരണയായതായി ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തുന്നു.