ലോകം ആകെപ്പാടെ മാറുകയാണ്. കൊറോണയ്ക്കു മുന്‍പും കൊറോണയ്ക്ക് ശേഷവും എന്നിങ്ങനെ രണ്ടായി തരംതിരിക്കാവുന്ന ചരിത്രമാണ് ഇനി ലോകത്തിനുള്ളത്.കൊറോണയ്ക്കു ശേഷമുള്ള കാലം കുറേയേറെ മാറ്റങ്ങൾക്ക് വിധേയമായ സമയമാണെന്ന് നിസംശയം പറയുവാന്‍ സാധിക്കും. യാത്രാവിലക്ക് കാരണം പല രാജ്യങ്ങളും പ്രതിസന്ധി നേരിട്ടപ്പോള്‍ അതിനെ മറികടക്കുവാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളിലൊന്ന് തങ്ങളുടെ രാജ്യത്തിരുന്ന് ജോലി ചെയ്യുവാനായി ആളുകളെ ക്ഷണിക്കുക എന്നതായിരുന്നു. മികച്ച വാഗ്ദാനങ്ങള്‍ നല്കി, തങ്ങളുടെ രാജ്യത്തിരുന്ന് പണിയെടുക്കുവാന്‍ ഇപ്പോഴും പന നഗരങ്ങളും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.
ലോകമെമ്പാടു നിന്നുമുള്ള ഡിജിറ്റല്‍ നൊമാഡുകളെ സ്വാഗതം ചെയ്യുന്നതാണ് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണോ എയ്റെസ് അവതരിപ്പിച്ച പദ്ധതി. ഇതനുസരിച്ച് ഒരു വര്‍ഷം വരെ, സര്‍ക്കാര്‍ പ്രത്യേകം അനുവദിക്കുന്ന വിസയില്‍ രാജ്യത്ത് താമസിക്കുവാന്‍ സാധിക്കും. തെക്കിന്റെ പാരീസ് എന്നറിയപ്പെടുന്ന ബ്യൂണോ എയ്റെസ് അതിന്റെ സവിശേഷമായ നിര്‍മ്മാണ രീതികള്‍ക്കും ലോകപ്രസിദ്ധമായ രുചികള്‍ക്കും ചരിത്ര സ്ഥാനങ്ങള്‍ക്കും ലോകനിലവാരത്തിലുള്ള ഷോപ്പിങ്ങിനും പ്രസിദ്ധമാണ്.
യൂറോപ്പിന്റെ അടുത്ത സിലിക്കണ്‍ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് എസ്റ്റോണിയയുടെ തലസ്ഥാനമായ ടാലിന്‍. ഡിജിറ്റല്‍ നൊമാഡുകള്‍ തിരഞ്ഞെടുത്ത റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ ഏറ്റവും മികച്ച നഗരമായിരുന്നു ടാലിന്‍. കോ-വര്‍ക്കിങ്ങിനു പറ്റിയ സാഹചര്യങ്ങളും ഹെല്‍സിങ്കിയും സെന്റ് പീറ്റേഴ്സ് ബര്‍ഗും പോലുള്ള തലസ്ഥാന നഗരങ്ങളുമായുള്ള കണക്റ്റിവിറ്റിയും നഗരം പ്രദാനം ചെയ്യുന്ന താമസ സൗകര്യങ്ങളും മറ്റുമെല്ലാം വളരെ അനുയോജ്യമായ സാഹചര്യമായാണ് ഡിജിറ്റല്‍ നൊമാഡുകള്‍ക്ക് നല്‍കുന്നത്. 2020 ല്‍ എസ്റ്റോണിയ അവതരിപ്പിച്ച ഡിജിറ്റല്‍ നൊമാഡ് വിസ ഒരു വര്‍ഷത്തോളം കാലം ഡിജിറ്റല്‍ നൊമാഡുകള്‍ക്ക് രാജ്യത്ത് താമസിക്കുവാനുള്ള അനുമതി നല്കുന്നു.
യുഎസിലെ ഒക്ലഹോമ സംസ്ഥാനത്തിലെ ടസ്ല എന്ന നഗരം ഡിജിറ്റല്‍ നൊമാഡുകള്‍ക്കായി മികച്ച ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു. ടസ്ല റിമോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമായി 10,000 യുസ് ഡോളറായിരുന്നു അമേരിക്കയിലെ മറ്റ് ഇടങ്ങളില്‍ നിന്നും ഇവിടേക്ക് മാറുന്നതിന് ഇവര്‍ വാഗ്ദാനം ചെയ്തത്. തങ്ങളുടെ ജോലികള്‍ ഇവിടെ നിന്നു ചെയ്യുവാനും ഒപ്പം തന്നെ ഡിജിറ്റല്‍ നൊമാഡായി ജീവിക്കുവാനും സാധിക്കുന്ന പ്രോജക്ടായിരുന്നു ഇത്.
ബി ലോങ്ങ് എന്ന പേരില്‍ ഇറ്റലിയിലെ പ്രസിദ്ധ നഗരമായ ഫ്ലോറന്‍സും റിമോര്‍ട്ട് വര്‍ക്കിങ് പ്രോഗ്രാമുകള്‍ ഒരുക്കുന്നുണ്ട്. മറ്റ് നഗരങ്ങളില്‍ നിന്നും വ്യച്യസ്തമായി ജോലി ചെയ്യുന്നവര്‍ക്കു മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കും ഇതില്‍ ഭാഗമാകുവാന്‍ സാധിക്കും. ആധുനിക ഫ്ലോറന്‍സിനെ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. താത്കാലികമായി ഇവിടുത്തെ പൗരനാക്കിക്കൊണ്ട് നഗഹത്തെ പരിചയപ്പെടുവാനുള്ള അവസരമാണ് ബിലോങ് നല്‍കുന്നത്.