കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യാഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് എതിരായ പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. തിങ്കളാഴ്ച രാവിലെ 10.15ന് ഫോണുകൾ ഹാജരാക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു. പക്ഷെ ചൊവ്വാഴ്ച വരെ സമയം വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബയിൽ നിന്ന് ഫോണുകൾ എത്തിക്കാൻ സമയം വേണമെന്നാണ് ദിലീപിന്റെ വാദം.ഡിജിറ്റൽ തെളിവുകൾ നടൻ മനപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണ് കോടതി അംഗീകരിക്കുന്നത്. സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ ഫോൺ പരിശോധനയ്ക്ക് നൽകാനാവില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഉപഹർജി പരിഗണിക്കുന്നതിന് വേണ്ടി ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് കേസിൽ സിറ്റിംഗ് ആരംഭിച്ചിരിക്കുകയാണ്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ള ഹാജരായിരി. ഇതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചു. ഒന്നുകിൽ ദിലീപിന്റെ മുൻകൂർ ജാമ്യം തള്ളണം അല്ലെങ്കിൽ കസ്റ്റോഡിയൽ ഇന്ററോഗേഷനുവേണ്ടി വിട്ടുനൽകണം എന്നാവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം എടുത്തിരിക്കുന്നത്. കോടതിയിൽ ഫോൺ ഹാജരാക്കുന്നതിൽ ദിലീപ് ഇന്ന് കോടതിയിൽ നിലപാട് അറിയിക്കേണ്ടതായി വരും. ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ പൊലീസിന്റെ ഫോറൻസിക് ലാബിൽ വിശ്വാസമില്ലെന്നായിരുന്നു ദിലീപ് ഉയർത്തുന്ന നിലപാട്.