മനാമ: പ്രമുഖ ഫാസ്റ്റ്ഫുഡ് സ്ഥാപനമായ മാക്ഡൊണാള്ഡിന്റെ പേരില്‍ സമൂഹമാധ്യമം വഴി പ്രചരിക്കുന്ന വ്യാജ പരസ്യത്തിന്റെ കെണിയില്‍പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു.ഫേസ്ബുക്ക് വഴി രാവിലെ മാക്ഡൊണാള്ഡിന്റെ എല്ലാ വിഭാഗത്തിനും പകുതി വില എന്ന പരസ്യം കണ്ടാണ് തുഷാര ഒന്നര ദിനാര്‍ വില വരുന്ന ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തത്. ഡെബിറ്റ് കാര്‍ഡ് വഴിയാണ് പേമെന്റ് നടത്തിയത്.
വെള്ളിയാഴ്ചയാണ് കോട്ടയം സ്വദേശി തുഷാരക്ക് 600 ദിനാര്‍ നഷ്ടപ്പെട്ടത്.ഓണ്‍ലൈന്‍ വഴി പേമെന്റ് നടത്തുമ്പോള്‍ ചോദിച്ച ഒ.ടി.പി നമ്പര്‍ നല്‍കിയതിനെത്തുടര്‍ന്ന് അക്കൗണ്ടില്‍നിന്ന് ഉടനെ 600 ദിനാര്‍ പിന്‍വലിച്ചതായി സന്ദേശം വന്നു.ഇതോടെ പരസ്യം വ്യാജമാണെന്നും തങ്ങള്‍ വലിയ തട്ടിപ്പിനിരയായതായും തുഷാര ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്തു. പണം ബഹ്റൈന്‍ പുറത്ത് ബ്രിട്ടീഷ് പൗണ്ടിലേക്കാണ് ട്രാന്‍സ്ഫറായത്.
ബാങ്കുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെന്റ് കലക്ട് ചെയ്ത് സൈബര്‍ ക്രൈം ഡിപ്പാര്‍ട്മെന്റില്‍ പരാതി നല്‍കാനിരിക്കുകയാണ് തുഷാരയും കുടുംബവും. ഇതിനിടെ തങ്ങളുടെ ലോഗോയും ഭക്ഷണവിഭാഗങ്ങളുടെ ഫോട്ടോയും ഉപയോഗപ്പെടുത്തി സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജ പരസ്യങ്ങളില്‍ ഉപഭോക്താക്കള്‍ വീണുപോകരുതെന്നും മാക്ഡൊണാള്‍ഡ് ടീംസ് അറിയിച്ചു. കൂടാതെ ഇത്തരം വ്യാജ പരസ്യങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടതായി മാനേജ്മെന്റ് അറിയിച്ചു.
അടുത്തകാലത്തായി സമൂഹമാധ്യമങ്ങള്‍ വഴി നിരവധി ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കമ്ബനികളില്‍ ലാപ്ടോപ്, കാമറ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉല്പന്നങ്ങള് കുറഞ്ഞ വിലയില്‍ ലഭിക്കുമെന്ന ആകര്‍ഷകമായ പരസ്യങ്ങളില്‍പെട്ട് നിരവധിപേര്‍ക്ക് ചെറുതും വലുതുമായ തുക നഷ്ടപ്പെട്ടിട്ടുണ്ട്. അതത് സൈറ്റുകളുടെ കമന്റ് ബോക്സ് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഇത്തരം കെണികളില്‍ പെടാതിരിക്കാന്‍ സാധിക്കും.