ദുബൈ: മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട വിദ്യാഭ്യാസ ലോകത്തിന്റെ വാതിലുകള്‍ വീണ്ടും തുറന്നതോടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യന്‍ വിദ്യാഭ്യാസ-കരിയര്‍ മേളയായ എജുകഫേയും മടങ്ങിയെത്തുന്നു.കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തിയുമുള്ള ഒരുക്കങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടുവര്‍ഷത്തെ വരള്‍ച്ച മാറ്റി വിദ്യാര്‍ഥികളില്‍ ഉന്‍മേഷം വീണ്ടെടുക്കാനും ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കാനും ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്ന മേള ഏറെ പുതുമകളോടെയാണ് ഏഴാം സീസണുമായി എത്തുന്നത്.
ലോകം മുഴുവന്‍ അടച്ചുപൂട്ടിയ 2020ല്‍ എജുകഫേ നടന്നിരുന്നില്ല. വെര്‍ച്വല്‍ വാതിലുകള്‍ തുറന്നതോടെ കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടന്ന ആറാം സീസണില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളും നിരവധി സ്ഥാപനങ്ങളും ഭാഗഭാക്കായി. മറ്റു വിദ്യാഭ്യാസ പരിപാടികള്‍ക്കും യു.എ.ഇ അനുമതി നല്‍കിയതോടെയാണ് എജുകഫേ വീണ്ടും നേരിട്ടുതന്നെ എത്തുന്നത്. സുരക്ഷിതമായ എജുകഫേയാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
വിദ്യാഭ്യാസ മേഖലയിലെ പരിപാടികള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പഴയകാലത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരിക്കും ഇത്തവണത്തെ എജുകഫേ. ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ ദുബൈ ഇത്തിസാലാത്ത് അക്കാദമിയിലാണ് പരിപാടി. പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ന് തന്നെ myeducafe.com വഴി രജിസ്റ്റര്‍ ചെയ്യാം.
മഹാമാരിക്ക് ശേഷം ദുബൈ ആതിഥ്യം വഹിക്കുന്ന ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ പരിപാടിക്കാണ് ഇത്തിസാലാത്ത് അക്കാദമി വേദിയൊരുക്കുന്നത്.
ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ആത്മവിശ്വാസത്തിന്റെ പ്രതിരൂപവും ഇന്ത്യന്‍ ദേശീയ ടീം പരിശീലകനുമായ പുല്ലേല ഗോപിചന്ദ്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരാണ് മുഖ്യാതിഥികളായി എത്തുന്നത്. ഇവര്‍ക്കുപുറമെ, പ്രചോദക പ്രഭാഷകരും വിദ്യാഭ്യാസ ലോകത്തെ വഴികാട്ടികളും കുട്ടികളിലേക്കെത്തും. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സമ്മാനങ്ങളുടെ പെരുമഴയാണ് കാത്തിരിക്കുന്നത്.