ബീജിംഗ് വിന്റർ ഒളിമ്പിക് ഗെയിംസിന് ശേഷം 2022 ന്റെ ആദ്യ പകുതിയിൽ സിൻജിയാങ് സന്ദർശിക്കാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ (യുഎൻഎച്ച്സിആർ) മിഷേൽ ബാച്ചലെറ്റിനെ അനുവദിക്കാൻ ചൈന സമ്മതിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പത്രത്തിന്റെ പ്രത്യേക റിപ്പോർട്ട് പറയുന്നു.
ചൈനയുടെ പടിഞ്ഞാറൻ പ്രദേശമായ സിൻജിയാങ്ങിൽ ഉയ്ഗറുകൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ ആൾക്കൂട്ട തടങ്കൽ, പീഡനം, നിർബന്ധിത തൊഴിൽ എന്നിവ ഉൾപ്പെടെയുള്ള വ്യാപകമായ ദുരുപയോഗം ചൈന നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. നിരവധി മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും ഇക്കാര്യം നിരന്തരം ഉന്നയിച്ചിരുന്നു.
ചൈനയെ സിൻജിയാങ്ങിൽ വംശഹത്യ നടത്തിയെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങളും ആരോപിച്ചിരുന്നു. കൂടാതെ ഒരു അനൗദ്യോഗികവും സ്വതന്ത്രവുമായ യുകെ ആസ്ഥാനമായുള്ള ട്രൈബ്യൂണൽ ബെയ്ജിംഗ് വംശഹത്യയിൽ ചൈന കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലങ്ങളിലാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ചൈന സന്ദർശിക്കുന്നത്. നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ചൈന നിലവിൽ സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ
2018 സെപ്തംബർ മുതൽ ഈ പ്രദേശം സന്ദർശിക്കുന്നതിനായി ബാച്ചലെറ്റ് ചൈനയുമായി ചർച്ചകൾ തുടരുകയായിരുന്നു. നിലവിൽ സമ്മതം ലഭിച്ചതുമായി ബന്ധപ്പെട്ട് ചൈനയുടെ വിദേശകാര്യ മന്ത്രാലയം, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ചൈനയുടെ ദൗത്യ അംഗങ്ങൾ, ഐക്യരാഷ്ട്രസഭ എന്നിവ പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി 4 മുതൽ 20 വരെ നടക്കുന്ന ബീജിംഗ് വിന്റർ ഗെയിംസിന്റെ സമാപനത്തിന് ശേഷമുള്ള സന്ദർശനത്തിനുള്ള അംഗീകാരം, യാത്ര “സൗഹൃദ”മായിരിക്കണം, അന്വേഷണമായി രൂപപ്പെടുത്തരുത് എന്ന വ്യവസ്ഥയിൽ അനുവദിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനയിലെ പ്രധാന മാധ്യമമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറഞ്ഞു.
ഗെയിംസ് പൂർത്തിയാകുന്നതുവരെ, സിൻജിയാങ്ങിനെക്കുറിച്ചുള്ള യുഎൻഎച്ച്സിആർ റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാലതാമസം വരുത്താൻ ബീജിംഗും സമ്മർദ്ദം ചെലുത്തിയതായി മനസ്സിലാക്കിയിട്ടുണ്ടെന്നും പത്രം റിപ്പോർട്ട് ചെയ്തു
2008 ലെ പോലെ, നിലവിലെ ഒളിമ്പിക് ഗെയിംസ് വീണ്ടും ചൈനയുടെ മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുള്ള ഒരു അവസരമായി മാറിയിരിക്കുകയാണ്. വിമർശകർ പറയുന്നത് പ്രകാരം 2018 നേക്കാൾ സ്ഥിതി കൂടുതൽ വഷളായി. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഒളിമ്പിക്സുമായി ബന്ധപ്പെട്ട് നയതന്ത്ര ബഹിഷ്കരണത്തിന് പ്രേരിപ്പിച്ചു.
“ഉയിഗറുകളെയും മറ്റ് തുർക്കി സമൂഹങ്ങളെയും ലക്ഷ്യം വച്ചുള്ള മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമങ്ങളിൽ ആരും, പ്രത്യേകിച്ച് ലോകത്തിലെ പ്രമുഖ മനുഷ്യാവകാശ നയതന്ത്രജ്ഞർ, വഞ്ചിതരാകരുത്,” ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ചൈന ഡയറക്ടർ സോഫി റിച്ചാർഡ്സൺ റോയിട്ടേഴ്സിനോട് പറഞ്ഞു.
യുണൈറ്റഡ് നേഷൻസ് വിദഗ്ധരും അവകാശ ഗ്രൂപ്പുകളും കണക്കാക്കുന്നത്, പ്രധാനമായും ഉയ്ഗൂർ വംശജരിൽ നിന്നും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളിൽ നിന്നുമുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾ സമീപ വർഷങ്ങളിൽ സിൻജിയാങ്ങിലെ ക്യാമ്പുകളിൽ തടങ്കലിലായതായി കണക്കാക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സും ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ഡെൻമാർക്ക് എന്നിവയുൾപ്പെടെ നിരവധി സഖ്യകക്ഷികളും ചൈനയുടെ മനുഷ്യാവകാശ രേഖയ്ക്കെതിരെ പ്രതിഷേധിച്ച് ഗെയിമുകളിലേക്ക് ഔദ്യോഗിക നയതന്ത്ര പ്രതിനിധികളെ അയക്കില്ലെന്ന് അറിയിച്ചു.
അതേസമയം തന്നെ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തരം ബഹിഷ്കരണങ്ങളുടെ ഭാഗമായിട്ടില്ല. ഇന്ത്യയുടെ എതിർപക്ഷത്ത് നിൽക്കുന്ന രാജ്യമായിട്ട് കൂടി ചൈനയോട് എതിർപ്പ് പ്രകടിപ്പിക്കാത്തത് ചൈന തുടരുന്ന ന്യൂനപക്ഷ, മുസ്ലിം വിരുദ്ധത തന്നെയാണ് ഇന്ത്യൻ സർക്കാരും പിന്തുടരുന്നത് എന്നതിനാലാണെന്ന് വിമർശകർ ചൂണ്ടികാണിക്കുന്നു. ഇന്ത്യൻ പരസ്യ പ്രതികരണത്തിന് മുതിർന്നാൽ ഇന്ത്യയിലെ സംഭവങ്ങളും ലോകത്തിന് മുന്നിൽ ചർച്ചയാകും.