കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വമ്പന്‍ പദ്ധതിയായ കെ റെയിലിന് എതിരെ പ്രതിപക്ഷവും സാംസ്ക്കാരിക രംഗത്തെ പ്രമുഖരും അടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. കെ റെയില്‍ വിഷയത്തില്‍ അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ‘സര്‍ക്കാസം പോസ്റ്റ്’ ഫേസ്ബുക്കില്‍ വൈറലാവുകയാണ്. എന്തുകൊണ്ട് താന്‍ കെ റെയിലിനെ അനുകൂലിക്കുന്നു എന്നാണ് പോസ്റ്റില്‍ അഡ്വക്കേറ്റ് ജയശങ്കര്‍ പറയുന്നത്.കവി റഫീഖ് അഹമ്മദ്, എഴുത്തുകാരനും പ്രാസംഗികനുമായ എംഎന്‍ കാരശ്ശേരി അടക്കമുളളവര്‍ കെ റെയിലിന് എതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ” ഞാന്‍ കെ റെയിലിനെ അനുകൂലിക്കുന്നത് പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണ്.വീടിനടുത്തു നെടുമ്പാശ്ശേരിയില്‍ സ്റ്റേഷനുളളതു കൊണ്ട് തിരുവനന്തപുരത്തോ കാസര്‍കോട്ടോ വരെ പോകാന്‍ സൗകര്യമാണ്. എൻറെ ആസ്തിയും വരുമാനവും വച്ചു നോക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് കൂടുതലല്ല.കെ റെയിലിനു വേണ്ടി എൻറെ വീടോ പുരയിടമോ അക്വയര്‍ ചെയ്യില്ല.കെ റെയിലിനെ അനുകൂലിക്കാത്തവരൊക്കെ വികസന വിരുദ്ധരും കീഴാള വിരുദ്ധരും നവോത്ഥാന വിരുദ്ധരും സര്‍വ്വോപരി സാമൂഹ്യ വിരുദ്ധരുമായി അറിയപ്പെടും.
ജയശങ്കറിന്റെ കുറിപ്പിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കെ റെയില്‍ അനുകൂലികളുടെ വിമര്‍ശനങ്ങള്‍ക്കൊപ്പം രസകരമായ ചില കമന്റുകളും ഈ പോസ്റ്റിന് ലഭിക്കുന്നുണ്ട്.Silver line എന്ന ജപ്പാന് ആക്രി കേരളത്തില്‍ കൊണ്ടുവന്നു കേരള പൊതുഗതാഗത വികസനത്തിന് തുരങ്കം വെക്കുന്ന സംസ്ഥാന- കേന്ദ്ര കമ്മീഷന് ഏജന്റ് ഭരണകര്‍ത്താക്കളെ വിമര്‍ശിക്കുന്ന കാരശ്ശേരി മാഷെയെല്ലാം അനാവശ്യം പറയുന്ന, വ്യക്തി അധിക്ഷേപം നടത്തുന്ന സൈബര്‍ കൊടിസുനിമാരെയും, അടിമ കേഡറ്റുകളെയും അവഗണിക്കുകയാണ് നല്ലത്.
മാത്രമല്ല വക്കീലിന് ശാഖ ക്ലാസുകള്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം പെട്ടന്ന് തന്നെ എത്തിച്ചേരാനും കഴിയും.ഞാന്‍ ഇങ്ങനെ പറഞ്ഞത് മൂന്ന് കാരണം കൊണ്ടാണ്. രാവിലെ ഞാന്‍ CPI ആണ്, ഉച്ചക്ക് ഞാന്‍ രാഷ്ട്രീയ നിരീക്ഷകനാണ്, നേരം ഇരുട്ടിയാല്‍ ഞാന്‍ സംഘിയാണ്.ആരുടേയെങ്കിലും വീടോ പുരയിടമോ പോകാതെ യാണ് നിലവിലുളള എയര്‍പോര്‍ട്ടുകളും ഹൈവേകളും എന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഇന്നും അതിലൂടെയൊക്കെ യാത്ര ചെയ്യുന്നത്. പരശുരാമന് ഒരു മഴുവെടുത്ത് എറിഞ്ഞപ്പോള്‍ തന്നെ ഹൈവേയടക്കമാണ് ഉയര്‍ന്നുവന്നത്. പണ്ടൊരിക്കല്‍ “എല്‍ഡിഎഫ് വരും എല്ലാം ശരിയാകും” എന്നും പറഞ്ഞ് നാട്ടാരെ പറ്റിച്ച പോലെ ഇപ്പം സഖാക്കള്‍ കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കണ്ടത്തിയേക്കുന്ന ഒറ്റമൂലിയാണ് കെ-റെയില്‍”.