ന്യൂഡല്‍ഹി: ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയ പുതിയതരം കൊറോണ വൈറസായ ‘നിയോകോവ്’ എത്രമാത്രം തീവ്രമാണെന്നറിയാന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന.ഇതു മനുഷ്യര്‍ക്കു ഭീഷണിയാകുമോ എന്ന് കൂടുതല്‍ പഠനങ്ങള്‍ക്കുശേഷമേ വ്യക്തമാകൂ എന്നാണ് ഡബ്ല്യുഎച്ച്ഒ വൃത്തങ്ങള്‍ പറയുന്നത്.സൗത്ത് ആഫ്രിക്കയിലെ വവ്വാലുകളിലാണ് നിയോകോവ് കണ്ടെത്തിയത്.
മനുഷ്യരിലെ 75 ശതമാനം പകര്‍ച്ചവ്യാധികളുടെ ഉറവിടം വന്യമൃഗങ്ങളാണ്. കൊറോണ വൈറസുകള്‍ പലപ്പോഴും വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള ജീവികളിലാണ് കാണുന്നത്, ഡബ്ല്യുഎച്ച്ഒ പറഞ്ഞു.ചൈനീസ് ഗവേഷകരുടെ റിപ്പോര്‍ട്ടുപ്രകാരം, കോവിഡ്-19ന് കാരണമായ സാര്‍സ് കോവ്-2 വൈറസ് പോലെ മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ നിയോകോവിന് കഴിയും. ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാല്‍ വൈറസ് മനുഷ്യര്‍ക്ക് അപകടകരമാകും എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഈ വൈറസ് മനുഷ്യകോശങ്ങളെ ബാധിക്കുക. അതിനാല്‍ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്സീന് സംരക്ഷണത്തിനോ കഴിയില്ലെന്നും ഗവേഷകര്‍ ആശങ്ക പങ്കുവച്ചു. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.