ന്യൂഡൽഹി: 2019-2020 സാമ്പത്തിക വര്‍ഷത്ത് രാജ്യത്തെ ഏറ്റവും സമ്പത്തുള്ള പാര്‍ട്ടിയായി ബിജെപി. 4847.78 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. പട്ടികയില്‍ ബി എസ് പിക്ക് പിന്നില്‍ മൂന്നമതാണ് കോണ്‍ഗ്രസിൻ്റെ സ്ഥാനം.ബി എസ് പിക്ക് 698.33 കോടി രൂപയുടെ ആസ്തിയാണുള്ളത്. 588.16 കോടിയാണ് കോണ്‍ഗ്രസിൻ്റെ ആസ്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കായി 6988.57 കോടിയുടെ ആസ്തിയും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കായി 2129.38 കോടിയുടെ ആസ്തിയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം (569.51 കോടി), തൃണമൂൽ കോൺഗ്രസ് (247.78 കോടി), സിപിഐ (29.78 കോടി), എൻസിപി (8.20 കോടി) എന്നീ ദേശീയ പാർട്ടികളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 7 ദേശീയ പാർട്ടികളുടെയും 44 പ്രാദേശിക പാർട്ടികളുടെയും വിവരങ്ങളാണ് എഡിആറിൻ്റെ റിപ്പോർട്ടിലുള്ളത്. ദേശീയ പാർട്ടികൾക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയാണുള്ളത്.
ബിജെപിയുടെ മാത്രം ആസ്തി ഇതിൻ്റെ 69.37 ശതമാനമാണ്. ബി എസ് പിയുടേത് മൊത്തം ആസ്തിയുടെ 9.99 ശതമാനവും കോൺഗ്രസിന്റേത് 8.42 ശതമാനവുമാണ്. പ്രാദേശിക പാർട്ടികൾക്ക് 2,129.38 കോടിയുടെ ആസ്തിയാണുള്ളത്. സമാജ്വാദി പാർട്ടിയാണ് പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നർ; 563.47 കോടി. രണ്ടാം സ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ആണ്, 301.47 കോടി. മൂന്നാം സ്ഥാനത്ത് 267.61 കോടിയുടെ ആസ്തിയുമായി അണ്ണാ ഡിഎംകെയാണ് മൂന്നാം സ്ഥാനത്ത്. പ്രാദേശിക പാർട്ടികളുടെ ആസ്തിയിൽ 76.99 ശതമാനവും സ്ഥിരനിക്ഷേപമാണ്.