തിരുവനന്തപുരം: കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കോവിഡ് ബാധ ചൂണ്ടിക്കാണിച്ചുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുന്നു എന്നും കാണിച്ചായിരുന്നു ഹർജി.
പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് വന്നതോടെ എംജി, കേരള സർവകലാശാലകൾ പരീക്ഷകൾ മാറ്റി വച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, കോവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ണൂരിൽ ജില്ല കളക്ടറുടെ നിർദേശം പോലും മറികടന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തി കണ്ണൂർ സർവകലാശാല. ജില്ല ബി കാറ്റഗറിയിലാണ് വലിയ തോതിലുള്ള കോവിഡ് വ്യാപനം ജില്ലയിലുണ്ട്. ഇന്നലെ ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന ടി പി ആർ നിരക്ക് രേഖപ്പെടുത്തിയ ദിവസമായിരുന്നു.
ഇന്നലെയാണ് ബി കാറ്റഗറിയിലേക്ക് മാറ്റിയത്. അതിനിടയിലാണ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ് സർവകലാശാല നിശ്ചയിച്ചിരുന്നത്. അത് മാറ്റിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. സിന്‍ഡിക്കേറ്റ് കളക്ടറുടെ കത്ത് അവഗണിച്ച് തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാ അഫ്ലിയേറ്റഡ് കോളജുകളിലെയും ഫലം പുറത്ത് വന്നിട്ടുണ്ട്.