തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിൻ്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്ക്കും ക്വാറന്റൈന് ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റൈനില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദേശിച്ചു.
കേസുകൾ ഇന്നും 50,000 ത്തിന് മുകളിൽ തന്നെയെന്ന് മന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു. ഐസിയു, വെന്റിലേറ്റർ ഉപയോഗവും കൂടുന്നില്ല. നിലവിൽ രോഗികളിൽ 3.6% പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളത്.
ഐസിയുവിൽ 40% കോവിഡ് രോഗികളാണ്. സ്വകാര്യ ആശുപത്രികളിലും രോഗികളുടെ എണ്ണം കുറവാണ്. ഫെബ്രുവരി രണ്ടാം ആഴ്ചയോടെ കേസുകൾ താഴ്ന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. കോവിഡിൻ്റെ മൂന്നാം തരംഗത്തിൽ പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്ന് മന്ത്രി വിശദീകരിച്ചു.
രോഗനിർണയത്തിന് ടെലി കൺസൾട്ടേഷൻ പരമാവധി ഉപയോഗിക്കണം. വിരമിച്ച ഡോക്ടർമാരുടെ സേവനം ടെലി-കൺസൾട്ടേഷന് വേണ്ടി ഉപയോഗിക്കും. സന്നദ്ധ സേവനത്തിന് 2 മാസത്തേക്ക് ഡോക്ടർമാരെ നിയോഗിക്കും. കോവിഡ് മൂന്നാം തരംഗത്തിൽ രാജ്യത്ത് സമൂഹവ്യാപമുണ്ടായിട്ടുണ്ട്. കേരളത്തിലും അതുണ്ടാകാം. ലക്ഷണമില്ലാതെ പോസിറ്റിവ് ആയ ആളുകളുണ്ടെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.
മുതിർന്ന പൗരന്മാർ, ഒറ്റയ്ക്ക് കഴിയുന്ന കോവിഡ് ബാധിതരായ സ്ത്രീകൾ എന്നിവർക്ക് പ്രത്യേക പരിചരണത്തിന് നിർദേശം നൽകിയതായും മന്ത്രി വിശദീകരിച്ചു. ഗർഭിണികളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. ആവശ്യമായവർക്ക് പ്രത്യേക പരിചരണം നൽകും. കണ്ട്രോൾ റൂം ഇന്ന് സജ്ജമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.