തൃശൂർ: സാമൂഹിക, സാമ്പത്തിക അസമത്വങ്ങൾ നിലനിൽക്കുന്ന സമൂഹത്തിലാണ് നാം ഇപ്പോഴുമുള്ളതെന്നും അവയ്ക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടം അനിവാര്യമാണെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. തേക്കിൻകാട് മൈതാനിയിൽ 73-ാം റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി.കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു പരേഡ്.
തൃശൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ഇൻസ്പെക്ടർ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ നാല് പ്ലാറ്റൂണുകൾ അണിനിരന്നു.
സബ് ഇൻസ്പെക്ടർമാരായ എം. സുഭാഷ് , കെ. ഗിരീഷ് കുമാർ, ഗീതുമോൾ എന്നിവർ പൊലീസ് പ്ലാറ്റൂണുകൾക്കും എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. രാജേഷ് എക്സൈസ് പ്ലാറ്റൂണിനും നേതൃത്വം നൽകുകയും ചെയ്തു.