അമ്പലപ്പുഴ: പൊലീസ് ജീപ്പ് തകർത്ത കേസിൽ ഒരാളെക്കൂടി പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു. കുമ്പളങ്ങി പഞ്ചായത്ത് വടക്കേടത്ത് രമേശ് (50) ആണ് പിടിയിലായത്. സംഭവദിവസം വണ്ടാനം മാധവ മുക്കിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു രമേശ്.ഇതോടെ കേസിൽ ആകെ 13 പേർ പിടിയിലായി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ 12 പേരും റിമാൻഡിലാണ്. കണ്ടാലറിയാവുന്ന24 പേർക്കെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 ഓടെ വണ്ടാനം മാധവ മുക്കിന് പടിഞ്ഞാറ് കുരിശടിക്കു സമീപമായിരുന്നു സംഭവം. യുവാക്കൾ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതറിഞ്ഞെത്തിയ പൊലീസ് സംഘവും നാട്ടുകാരിൽ ചിലരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ജീപ്പിന്റെ ചില്ലുകൾ കല്ലേറിൽ തകരുകയുമായിരുന്നു.