ദുൽഖർ സൽമാൻ നായകനാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഹേയ് സിനാമിക’യിലെ രണ്ടാമത്തെ ഗാനം റിലീസായി. ‘തോഴി’ എന്ന മനോഹരമായ മെലഡി ഗാനത്തിൻ്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മദൻ കാർക്കിയുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം നൽകിയ ഗാനം പ്രദീപ് കുമാറാണ് പാടിയിരിക്കുന്നത്. ദുൽഖറും കാജൽ അഗർവാളുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
പ്രശസ്ത നൃത്തസംവിധായികയായ ബൃന്ദ മാസ്റ്റര്‍ സംവിധായികായി അരങ്ങേറുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. അദിതി റാവു ഹൈദരി, നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്, കോതണ്ഡ രാമന്, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്, ജെയിന് തോംപ്സണ്, രഘു, സംഗീത, ധനഞ്ജയന്, യോഗി ബാബു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ് ആണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും മദന്‍ കാര്‍ക്കിയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്, എഡിറ്റിംഗ് രാധ ശ്രീധര്‍, കലാസംവിധാനം എസ് എസ് മൂര്‍ത്തി, സെന്തില്‍ രാഘവന്. ദുൽഖർ ആലപിച്ച ‘അച്ചമില്ലെ’ എന്ന തമിഴ് റാപ് സോങ്ങായിരുന്നു ചിത്രത്തിലേതായി ആദ്യം പുറത്തിറങ്ങിയത്. അത് വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോൾ റിലീസായ തോഴിയും സംഗീതപ്രേമികളുടെ മനംകവരുകയാണ്.