കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തി എന്ന കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഉപഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയിരിക്കുന്നത്.
ദിലീപിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദം ഉയർത്തുന്നത്.
ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു. എന്നാൽ ഈ ഫോണുകൾ മാറ്റിയെന്ന കാര്യത്തിൽ ദിലീപ് തർക്കിക്കുന്നില്ല. പക്ഷേ, ഫോൺ കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്നാണ് ദിലീപ് അവകാശവാദം.