തിരുവനന്തപുരം: ലോകായുക്താ ഓർഡിനൻസിൽ കാനം രാജേന്ദ്രൻ ഇടഞ്ഞുതന്നെ നിൽക്കുന്നതായി സൂചനകൾ. നിയമസഭ കൂടാൻ ഒരു മാസം ബാക്കി നിൽക്കെ എന്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാൻ ധൃതിയെന്ന് അദ്ദേഹം ഇന്ന് ചോദിച്ചു. ഈ ചോദ്യത്തിന് ആരും മറുപടി നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന വാദം അംഗീകരിച്ച കാനം പക്ഷെ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ലെന്നും ജനങ്ങളെ അണിനിരത്തിയാണെന്നും തിരിച്ചടിക്കുകയും ചെയ്തു.
സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത്. ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തിൽ നിന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്നുകൊടുക്കുന്നതാണെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.