കരുളായി: ആദിമ ഗോത്രവിഭാഗത്തില്‍പെട്ട കരിമ്പുഴ മാതന് കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞത് കാടിനെയും നാടിനെയും വേദനപ്പിച്ചു.ഏഷ്യയിലെ വംശനാശം സംഭവിക്കുന്ന ചോലനായ്ക്ക വിഭാഗത്തിലെ കാരണവരാണ് മാതന്.ഈ വിഭാഗത്തില്‍പെട്ടവര്‍ കാട്ടാനകളുടെ ആക്രമണത്തിന് വിധേയമായി മരണമടയുന്നത് വളരെ അപൂര്‍വവുമാണ്.കരുളായി വനമേഖലയില്‍ മേല്‍ വനങ്ങളിലെ അളകളിലാണ് ഇവര്‍ താമസിക്കുന്നത്.
വന്യമൃഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഏറെ പരിചയ സമ്പന്നരായവരാണ് ചോലനായ്ക്കര്‍.നാട്ടിലെത്തണമെങ്കില്‍ തന്നെ പത്തുകിലോ മീറ്റര്‍ നടന്ന് മാഞ്ചീരിയിലെത്തിയാല് മാത്രമേ 20 കിലോ മീറ്റര്‍ അകലെയുള്ള കരുളായി അങ്ങാടിയിലെത്താന്‍ ജീപ്പ് ലഭിക്കൂ. മേല്‍ വനങ്ങളില്‍ ആനകളും മറ്റും വിരളമാണ്. അതിനാല്‍ ഇവിടങ്ങളിലെ ഗുഹകളില്‍ താമസിക്കുന്നവരാണ് മിക്ക ചോലനായ്ക്കരും.
2002ലാണ് വംശനാശം സംഭവിക്കുന്ന ആദിമ ഗോത്രവിഭാഗമായതിനാല് ഐ.ടി.സി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മാതനും ഭാര്യ കരിക്കക്കും അവസരം ലഭിച്ചത്. അതിനാല്‍ പലപ്പോഴും മാധ്യമ ശ്രദ്ധ പിടിച്ചുപ്പറ്റിയ ഒരാള്‍ കൂടിയായിരുന്നു മാതന്.
ഗുഹകളില്‍നിന്നും കാല് നടയായി മാഞ്ചീരിയിലെത്തി വേണം വനം വകുപ്പും ഐ.ടി.ഡി.പിയും ബുധനാഴ്ച തോറും നല്കുന്ന അരി വാങ്ങാനെത്തുന്നത്. എല്ലാ ആഴ്ചകളിലും ഇവരെത്താറുണ്ടെങ്കിലും ഇത്തവണയെത്തിയപ്പോള്‍ മാതനും കൂട്ടരും അപ്രതീക്ഷിതമായാണ് ആനക്കൂട്ടത്തിനു മുന്നില്‍ അകപ്പെട്ടത്. എന്നാല്‍, കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യവും ശരീരിക പ്രശ്നങ്ങളും കാരണം മാതന് രക്ഷപ്പെടാനായില്ല.
എല്ലാ പൊതു തെരഞ്ഞെടുപ്പിലും പതിവുതെറ്റിക്കാതെ മാതന് കിലോ മീറ്ററുകള്‍ താണ്ടി നെടുങ്കയും അമിനിറ്റി സെന്റ്റര്‍ ബൂത്തില്‍ വോട്ടു ചെയ്യാനെത്തുന്നതു പതിവാണ്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പ്രയാസമുള്ളതിനാല്‍ മാതന് വോട്ടുരേഖപ്പെടുത്താനെത്തിയിരുന്നില്ല. മറ്റു ചോലനായ്ക്കരില്‍ നിന്നും വ്യത്യസ്തനായി സാമ്യനും ശാന്തനുമായ മാതന് മാധ്യമ പ്രവര്‍ത്തകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് ഫോട്ടോകള്‍ക്ക് പോസുചെയ്യാനും മടി കാണിക്കാറില്ല.