ചെന്നൈ: കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചു. രാത്രികാല നിയന്ത്രണങ്ങളും നീക്കി. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണു തീരുമാനം. ഫെബ്രുവരി 1 മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനം. 1 മുതൽ എല്ലാ ക്ലാസുകളും കോളജുകളും തുറക്കും.
കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പോളിടെക്നിക്കുകള്‍ക്കും ട്രെയിനിങ് സെന്ററുകള്‍ക്കും ഇത് ബാധകമാണ്. അതേസമയം കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ല. എന്നാൽ, പൊതുയോഗങ്ങൾക്കും ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങൾ തുടരും.
ഹോട്ടലുകളിലും തിയറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. നിലവിൽ ചെന്നൈ അടക്കമുള്ള ജില്ലകളിലെ കോവിഡ് കേസുകൾ കുറയുന്നുണ്ട്. ഇന്ന് തമിഴ്നാട്ടില്‍ 28,515 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 19.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 20ന് മുകളിലായിരുന്നു തമിഴ്നാട്ടിലെ ടിപിആര്‍.