ചെങ്ങന്നൂര്‍: ശബരിമല സീസണില്‍ തീര്‍ത്ഥാടകരടക്കം നിരവധി പേരെ ദുരിതത്തിലാക്കിയ പുത്തന്‍കാവ് പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ക്ക് എംപിയുടെ കത്ത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സ്ഥലം എംഎല്‍എ കൂടിയായ ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന് എന്നിവര്‍ക്കാണ് എംപി കൊടിക്കുന്നില്‍ സുരേഷ് കത്ത് നല്‍കിയത്.
ചെങ്ങന്നൂര്‍ – കോഴഞ്ചേരി റോഡില്‍ പാലം നിര്‍മ്മാണത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ഇതു വഴിയുള്ള ഗതാഗതം തടസ്സപെട്ടു കിടക്കുകയാണ്. സമീപവാസികളും ഇതേ തുടര്‍ന്ന് വലിയ ദുരിതത്തിലാണ്. ചെങ്ങന്നൂര്‍, പുത്തന്‍കാവ് ഭാഗങ്ങളിലേയ്ക്ക് പോകേണ്ടവര്‍ക്ക് അധിക ദൂരം സഞ്ചരിക്കേണ്ടിവരുന്നു. നിര്‍മ്മാണം വൈകിയതിനു പിന്നില്‍ വലിയ അനാസ്ഥയുണ്ട്.
നിര്‍മ്മാണം നടക്കുന്ന സമയത്ത് ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടന്നു പോകാനുള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ല. ശബരിമല തീര്‍ത്ഥാടന കാലത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കമുളള ഭക്തര്‍ക്ക് പാലം പണി നടക്കുന്നതായി അറിയാത്തതിനാല്‍ വലിയ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. സീസണിൻ്റെ അവസാന കാലഘട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വെച്ചത്.
ഇത് നേരത്തെ ആകുമായിരുന്നെങ്കില്‍ പ്രഖ്യാപനം പോലെ മണ്ഡലകാലത്തിനു മുന്‍പായി പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി പാലത്തിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചു. മുന്‍ നഗരസഭാ ചെയര്മാന് കെ ഷിബുരാജന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിന് മാത്യു വര്‍ഗീസ്, എം കെ മുരളീധരന്, ജിബിന്‍ വര്‍ഗീസ് എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.