തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹം മാറി നല്കി. വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യൻ്റെയും ചേറ്റുവ സ്വദേശി സഹദേവൻ്റെയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്. സഹദേവനാണെന്ന് കരുതി സെബാസ്റ്ററ്റ്യൻ്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ മൃതദേഹം ദഹിപ്പിച്ചു.
മൃതദേഹം മാറി നൽകിയെന്ന് വ്യക്തമായതോടെ സഹദേവൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സെബാസ്റ്റ്യൻ്റെ മൃതദേഹം ദഹിപ്പിച്ചതിനാൽ അദ്ദേഹത്തിൻ്റെ ചിതാഭസ്മം ബന്ധുക്കൾക്ക് നൽകും. സംഭവത്തിൽ വീഴ്ച്ച വരുത്തിയ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സെബാസ്റ്റ്യനും സഹദേവനും കോവിഡ് ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്.
സെബാസ്റ്റ്യന്‍ 58 വയസ്സും സഹദേവന് 89 വയസ്സുമാണ് പ്രായം. സഹദേവൻ്റെ ബന്ധുക്കള്‍ പതിനൊന്നു മണിയോടെ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി മുഖം മറച്ചായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയത്. ഉച്ചയോടെ സെബാസ്റ്റ്യൻ്റെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയ സംഭവം അറിയുന്നത്.
ഇതോടെ ആശുപത്രി സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും സഹദേവൻ്റെ വീട്ടിലേക്ക് എത്തിയെങ്കിലും സഹദേവൻ്റെതെന്ന് കരുതി സെബാസ്റ്റ്യൻ്റെ മൃതദേഹം ബന്ധുക്കള്‍ സംസ്കരിച്ചിരുന്നു. മൃതദേഹങ്ങൾ മാറിപ്പോയെന്ന് അറിഞ്ഞതോടെ സ്ഥലത്ത് വലിയ വാക്കേറ്റവും സംഘർഷാവസ്ഥയുമായി.
അവസാനം ചിതാഭസ്മം എങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യൻ്റെ ബന്ധുക്കൾ നിലപാട് എടുത്തു. ഇതു സഹദേവൻ്റെ വീട്ടുകാർ അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവൻ്റെ വീട്ടിലെത്തി സെബാസ്റ്റ്യൻ്റെ ബന്ധുക്കൾ ചിതാഭസ്മം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ സഹദേവൻ്റെ മൃതദേഹം ചേറ്റുവയിലേക്ക് കൊണ്ടു പോയി.