ന്യൂഡൽഹി: പഞ്ചാബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയില്‍ നിന്നും വിട്ടുനിന്ന് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍. പൊതുപരിപാടിയ്ക്ക് തങ്ങള്‍ക്ക് ക്ഷണം ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് എംപിമാര്‍ ചടങ്ങ് ബഹിഷ്കരിച്ചത്. ജസിര്‍ സിംഗ് ഗില്‍, രവ്നീത് സിംഗ് ബിട്ടു, മനീഷ് തിവാരി, പ്രണീത് കൗര്‍, മുഹമ്മദ് സാദിഖ് എന്നീ ജനപ്രതിനിധികളാണ് പരിപാടിയില്‍ നിന്നും വിട്ടുനിന്നത്.
ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് ജസ്ബിര്‍ സിങ് ഗില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണറിഞ്ഞത്. പിസിസി അധ്യക്ഷനോ മുഖ്യമന്ത്രിയോ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ല. മറ്റ് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ എംപിമാരുടെ അസാന്നിധ്യം പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നതയാണ് വെളിവാക്കുന്നതെന്ന പ്രചരണത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പൂര്‍ണമായും തള്ളി. പരിപാടി ബഹിഷ്കരിച്ച എംപിമാര്‍ക്ക് രാഹുലിൻ്റെ നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്ന വാദത്തേയും കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിട്ടുണ്ട്. എംപിമാര്‍ പരിപാടി മനപൂര്‍വ്വം ബഹിഷ്കരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കത്തെഴുതിയ ജി 23 നേതാക്കളിലൊരാളാണ് മനീഷ് തിവാരി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഒരുദിവസത്തെ പര്യടനത്തിന് ഇന്നാണ് പഞ്ചാബില്‍ എത്തിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, നവ്ജോത് സിദ്ദു എന്നിവരോടൊപ്പം രാഹുല്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു.തുടര്‍ന്ന് ദുര്‍ഗ്യാന മന്ദിറിലും ഭഗവാന് വാല്മീകി തീര്‍ഥ് സ്ഥലിലും 117 സ്ഥാനാര്‍ഥികളുമായി രാഹുല്‍ സന്ദര്‍ശനം നടത്തി. ഫെബ്രുവരി 20നാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ്. ഫലം മാര്‍ച്ച് 10ന് പുറത്തുവരും. നിലവില്‍ അധികാരം കൈയാളുന്ന കോണ്‍ഗ്രസ് കടുത്ത മത്സരമാണ് പഞ്ചാബില്‍ നേരിടുന്നത്.