ഏറ്റുമാനൂർ : നിയന്ത്രണം തെറ്റിയ കാർ, ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നയാൾ കാർ വരുന്നതുകണ്ട് ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു. കാറോടിച്ചിരുന്നയാൾക്ക് പരിക്കേറ്റു. ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു.
ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയിൽ കിസ്മത്ത് പടിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്.
ഏറ്റുമാനൂർ ഭാഗത്തുനിന്ന് കിടങ്ങൂരിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ കിസ്മത്ത് പടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി സമീപത്തുണ്ടായിരുന്ന വൈദ്യുതിത്തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു.കാറോടിച്ചിരുന്ന കിടങ്ങൂർ സ്വദേശി കാക്കനാട്ട് സിറിയക് തോമസിന് പരിക്കേറ്റു.