ആശീര്‍വാദ് സിനിമാസിന്റെ 22 വര്‍ഷങ്ങള്‍ ആഘോഷമാക്കി സൂപ്പര്‍താരം മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും. മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. ‘നരസിംഹം’ മുതൽ ഇത്രയും കാലം കമ്പനിക്കൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി കേക്ക് മുറിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
ബറോസ് ലുക്കിലാണ് മോഹൻലാൽ വീഡിയോയിൽ എത്തിയത്. മുടി മുഴുവൻ വടിച്ച് കളഞ്ഞ് താടി നീട്ടിയ ലുക്കിലായിരുന്നു താരം. ആന്റണി പെരുമ്പാവൂരിനൊപ്പം ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ ടി കെ രാജീവ് കുമാർ തുടങ്ങിയവരും ആഘോഷ നിമിഷങ്ങൾക്ക് സാക്ഷിയായി.
2000ൽ നരസിംഹം നിർമിച്ചുകൊണ്ടാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്. ആദ്യ ചിത്രം തന്നെ വമ്പൻ വിജയമായിരുന്നു. ഇന്നലെ ഒടിടിയിലൂടെ റിലീസിന് എത്തിയ ബ്രോ ഡാഡി ആണ് ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ അവസാന ചിത്രം. 29 ചിത്രങ്ങളാണ് ഇതുവരെ ആശീര്‍വാദിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത്. എലോൺ, 12ത് മാൻ, മോൺസ്റ്റർ, ബറോസ്, എമ്പുരാൻ തുടങ്ങിയവയാണ് ആശീര്‍വാദിന്റേതായി അടുത്തതായി ഇറങ്ങാനിരിക്കുന്ന സിനിമകള്‍.