കൊറോണ വൈറസിന്റെ ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്.ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറല്‍ യൂനിവേഴ്സിറ്റി ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകര്‍.കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റിന് ചര്‍മത്തില്‍ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളില്‍ എട്ട് ദിവസത്തിലേറെയും നിലനില്ക്കാന് കഴിയുമെന്ന് പഠനം പറയുന്നു. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇതാണ് ഒമിക്രോണ്‍ കൂടുതല്‍ പേരിലേക്ക് പകരാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു.
ചൈനയിലെ വുഹാനില്‍ ആദ്യമായി കണ്ടെത്തിയ വൈറസിന്റെയും മറ്റു വകഭേദങ്ങളുടെയും പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങള്‍ ഇവര്‍ വിശകലനം ചെയ്തു. വുഹാനില്‍ കണ്ടെത്തിയ യഥാര്‍ത്ഥ വകഭേദത്തേക്കാള്‍ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകള്‍ പ്ലാസ്റ്റിക്, ചര്‍മം എന്നിവിടങ്ങളില്‍ രണ്ടിരട്ടിയിലധികം അതിജീവിക്കുന്നുണ്ട്. ഇത് സമ്ബര്‍ക്കത്തിലൂടെ കോവിഡ് പകരാനും സാമൂഹിക വ്യാപനത്തിനും കാരണമാകും.നിലവില്‍ കണ്ടെത്തിയ വകഭേദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പാരിസ്ഥിതിക സ്ഥിരത ഒമിക്രോണിനാണ്. ഡെല്‍റ്റ വകഭേദത്തെ മറികടന്ന് ഒമിക്രോണ്‍ അതിവേഗം വ്യാപിക്കാനുണ്ടായ ഘടകം ഇതായിരിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ചര്‍മ സാമ്പിളുകളില്‍ യഥാര്‍ത്ഥ വകഭേദത്തിന്റെ ശരാശരി അതിജീവന സമയം 8.6 മണിക്കൂറാണ്. ആല്‍ഫക്ക് 19.6 മണിക്കൂറും ബീറ്റക്ക് 19.1 മണിക്കൂറും ഗാമക്ക് 11 മണിക്കൂറും ഡെല്‍റ്റക്ക് 16.8 മണിക്കൂറും ഒമിക്രോണിന് 21.1 മണിക്കൂറുമാണ്.35 ശതമാനം എഥനോള്‍ ഉപയോഗിച്ചപ്പോള്‍ 15 സെക്കന്‍ഡ് കൊണ്ട് വൈറസ് ഇല്ലാതായതായും അതിനാല്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നതുപോലെ കൈ കഴുകല്‍ ഉള്‍പ്പെടെ ശുചിത്വ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ പറയുന്നു.പ്ലാസ്റ്റിക് പ്രതലങ്ങളില്‍ യഥാര്‍ത്ഥ വകഭേദത്തിന്റെയും ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദത്തിന്റെയും ശരാശരി അതിജീവന സമയം യഥാക്രമം 56 മണിക്കൂര്‍, 191.3 മണിക്കൂര്‍, 156.6 മണിക്കൂര്‍, 59.3 മണിക്കൂര്‍, 114 മണിക്കൂര്‍ എന്നിങ്ങനെയാണ്. അതേസമയം, ഒമിക്രോണ്‍ വേരിയന്റിന് 193.5 മണിക്കൂര്‍ നിലനില്ക്കാന് കഴിയും.