ഡൽഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കവെ ഇന്ത്യയുടെ ജനാധിപത്യത്തെ വിമർശിച്ച് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. ഇന്ത്യൻ -അമേരിക്കൻ മുസ്ലിം കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കവേയായിരുന്നു വിമർശനം.ഉയർന്നു വരുന്ന ഹിന്ദു ദേശീയതയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പൗര ദേശീയതയുടെ സുസ്ഥിരതത്വത്തെ തകർക്കുന്ന ഒരു സ്ഥിതി സമീപവർഷങ്ങളിൽ ഉണ്ടാകുന്നുവെന്ന് അദ്ദേഹം ആരോപണം ഉയർത്തി.
മതപരമായ ഭൂരിപക്ഷത്തിന്റെയും, കുത്തക രാഷ്ട്രീയ അധികാരത്തിന്റെയും മറവിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ ശ്രമം നടക്കുന്നു. പൗരന്മാരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനും, അസഹിഷ്ണുതയ്ക്ക് വഴങ്ങാനും,അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനും ശ്രമിക്കുന്നതായും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.