ദുബൈ: കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട ) ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.കോവിഡ് മഹാമാരിയല്ലാതായി മാറുകയാണ്, അത് ചില രാജ്യങ്ങളില്‍ മാത്രം പടരുന്ന രോഗമായി ചുരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാറുകളോട് ആവശ്യപ്പെടുന്നതെന്ന് അയാട്ട ഡയറക്ടര്‍ ജനറല്‍ വില്ലി വാല്‍ഷ് പറഞ്ഞു.വിമാനത്താവളത്തിലെ കോവിഡ് പരിശോധന, ക്വാറന്റൈന്, യാത്രാവിലക്കുകള്‍ എന്നിവ അവസാനിപ്പിക്കണമെന്ന് അയാട്ട സര്‍ക്കാറുകളോട് ആവശ്യപ്പെടുന്നു.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്ക് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന ഒഴിവാക്കണം. വാക്സിന് സ്വീകരിക്കാത്തവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് ക്വാറന്റൈനും ഒഴിവാക്കണം. രോഗവ്യാപാനം തടയാന്‍ രാജ്യങ്ങള്‍ക്കുമേല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഫലപ്രദമല്ല എന്നാണ് ഒമിക്രോണ്‍ വ്യാപനം തെളിയിക്കുന്നത്. ഒമിക്രോണ്‍ വ്യാപനത്തോടെ കോവിഡ് പ്രത്യേക മേഖലകളില്‍ മാത്രം കാണുന്ന എന്‍ഡമിക്കായി ചുരുങ്ങും എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അയാട്ട അധികൃതര്‍ ചൂണ്ടിക്കാട്ടി.