ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ ടെലികോം ബ്രാന്‍ഡായി യുഎഇയിലെ എത്തിസലാത്ത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്താനും എത്തിസലാത്തിന് സാധിച്ചു.രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ തന്ത്രപ്രധാന സഹായിയായി മാറാന്‍ ദുബായ് എക്സ്പോ എത്തിസലാത്തിന് വഴിയൊരുക്കിയെന്നും ബ്രാന്‍ഡ് ഫിനാന്‍സ് വിലയിരുത്തുന്നു.
അതേസമയം അബുദാബിയിലെ ഓയില്‍ കമ്പനിയായ അഡ്നോക് രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി തുടര്‍ച്ചയായ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.ലോകോത്തര ബ്രാന്‍ഡുകളുടെ മൂല്യനിര്‍ണയം നടത്തുന്ന ബ്രാന്‍ഡ് ഫിനാന്‍സിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് എത്തിസലാത്തും അഡ്നോക്കും ഈ നേട്ടം കൈവരിച്ചത്. നൂറില്‍ 89.2 സ്കോര്‍ ചെയ്താണ് എത്തിസലാത്തിന്റെ നേട്ടം.
മേഖലയിലാകെ 5ജി സേവനങ്ങള്‍ വിജയകരമായി നടപ്പാക്കിയതും എത്തിസലാത്തിന്റെ വിപണി മൂല്യം ഉയര്‍ത്തി.അതേസമയം 47 ബില്യണ്‍ ദിര്‍ഹം മൂല്യത്തോടെയാണ് ലോകത്തിലെ ഏറ്റവും മികച്ച പത്ത് എണ്ണ കമ്പനികളില്‍ ഒന്നായി അഡ്നോക് മാറിയത്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ എണ്ണ ശേഖരം നാലു ബില്യണ്‍ ബാരലായും പ്രകൃതി വാതക ശേഖരം 16 ട്രില്യണ്‍ ക്യുബിക് അടിയായും അഡ്നോക് വര്‍ധിപ്പിച്ചിരുന്നു.
ദുബായിയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍ 5 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ ലോകത്തിലെ പ്രമുഖ 500 കമ്ബനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 43.6 ബില്ല്യണ്‍ ഡോളര്‍ ആസ്തി മൂല്യത്തോടെ മേഖലയിലെ തന്നെ ഏറ്റവും മകിച്ച ബ്രാന്‍ഡായി സൗദി ആരാംകോ തുടരുകയാണ്. ലോകത്ത് 31 ാം സ്ഥാനമാണ് ആരാംകോക്കുള്ളത്.