ദോഹ: കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് ഓണ്‍ലൈനിലേക്ക് മാറിയ ഖത്തറിലെ സ്കൂള്‍ പഠനങ്ങള്‍ വീണ്ടും ഓഫ്ലൈനിലേക്ക്.എല്ലാ വിദ്യാര്‍ഥികളും ആഴ്ചയില്‍ വീട്ടില്‍ വെച്ച് റാപിഡ് ആന്റിജന്‍ പരിശോധനക്ക് വിധേയരാവണം. വെള്ളി അല്ലെങ്കില്‍ ശനി ദിവസങ്ങളില്‍ സെല്ഫ്ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയാല്‍ മാത്രമേ അടുത്തയാഴ്ച ക്ലാസുകളിലേക്ക് പ്രവേശനമുണ്ടാവൂ. രക്ഷിതാവിന്റെ ഒപ്പോടുകൂടിയ പരിശോധനാ ഫലം മുഖേനയാവും അടുത്തയാഴ്ചകളില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുക.
ജനുവരി 30 ഞായറാഴ്ച മുതല്‍ രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യം മന്ത്രാലയം നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കും 100 ശതമാനം ശേഷിയോടെ സ്കൂളുകളിലെ പഠനം ആരംഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.കോവിഡ് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നോ എന്നുറപ്പുവരുത്താന്‍ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ പരിശോധന നടത്തും.
സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രാവിലെ അധികൃതര്‍ നല്കിയ അറിയിപ്പ് പിന്നീട് പിന്‍വലിച്ചെങ്കിലും, ജനുവരി 30 മുതല്‍ ക്ലാസുകള്‍ വീണ്ടും നേരിട്ട് ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് വൈകുന്നേരത്തോടെ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി.ഹോം കിറ്റിലെ പരിശോധനയില്‍ പോസിറ്റീവായാല്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ പോയി വീണ്ടും പരിശോധനക്ക് വിധേയരായി ഫലം സ്ഥിരീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യാഴാഴ്ച മുതല്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.ഓമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ജനുവരി ആദ്യം മുതല്‍ സ്കൂള്‍ പഠനം ഓണ്‍ലൈനിലേക്ക് മാറ്റിയത്. ആദ്യം ഒരാഴ്ചത്തേക്കും, പിന്നീട് ജനുവരി 27 വരെയുമായിരുന്നു സ്കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റിയത്.