തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിൽ ഒപ്പ് വയ്ക്കരുതെന്നെവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 11:30- നാണ് യുഡിഎഫ് പ്രതിനിധി സംഘം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.
നേരത്തെ ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുളള സർക്കാർ നീക്കത്തെ ന്യായീകരിച്ചുള്ള നിയമന്ത്രി പി രാജീവിന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പ്രതികരണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെ കൂട്ട് പിടിച്ചുള്ള ന്യായീകരണം തെറ്റാണ്. കോടതിയിലെ കേസ് 12 ാം വകുപ്പുമായി ബന്ധപ്പെട്ട് ഉളളതാണ്. സർക്കാരിന്റെ നിലവിലെ നടപടി 14ാം വകുപ്പുമായി ബന്ധപ്പെട്ടാണ്. 14ാം വകുപ്പ് പ്രകാരമായിരുന്നു മുൻ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി. ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെയും ഈ വകുപ്പ് പ്രകാരമാണ് പരാതി ഉള്ളത്.
കോടതികൾക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന വാദവും തെറ്റാണ്. ആർട്ടിക്കിൾ 164 നെ നിയമമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രിക്കെതിരെ നടപടി പുനരാലോചിക്കേണ്ടത് എക്സിക്യുട്ടീവ് അല്ലെന്നും ഇതിനെ ല൦ഘിച്ചുള്ളതാണ് പുതിയ ഭേദഗതിയെന്നും വി ഡി സതീശൻ പറഞ്ഞു.