ജിദ്ദ: കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ സാധാരണ ക്ളാസുകള്‍ വീണ്ടും പുനരാരംഭിക്കുന്നു.കെ.ജി മുതല്‍ 12 വരെ ക്ളാസുകള്‍ ഘട്ടംഘട്ടമായാണ് ആരംഭിക്കുക. പത്ത്, പന്ത്രണ്ട് ക്ളാസുകള്‍ ചൊവ്വാഴ്ച തുറന്നു. ഒമ്പത്, പതിനൊന്ന് ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ആറ്, ഏഴ്, എട്ട് ക്ളാസുകള്‍ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച മുതലും കെ.ജി മുതല്‍ അഞ്ച് വരെ ക്ളാസുകള്‍ ഫെബ്രുവരി ആറ് ഞായറാഴ്ചയുമാണ് ആരംഭിക്കുക. ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ളാസുകളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1.10 വരെയും കെ.ജി ക്ളാസുകളില്‍ എട്ട് മുതല്‍ ഉച്ചക്ക് 12.15 വരെയുമായിരിക്കും അധ്യായനം നടക്കുക.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശത്തെതുടര്‍ന്നാണ് ക്ളാസുകള്‍ ആരംഭിക്കുന്നതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന് രക്ഷിതാക്കള്‍ക്കയച്ച സര്‍ക്കുലറില്‍ അറിയിച്ചു.പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ദിവസവും ക്ളാസുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ മറ്റു ക്ളാസുകളിലെ കുട്ടികളെ അതാത് ക്ളാസ് ടീച്ചര്മാര് വിവിധ ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ദിവസങ്ങളിലായിട്ടായിരിക്കും ക്ളാസുകള്‍ നടക്കുക. ക്ളാസുകള്‍ നടക്കാത്ത ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ നിന്നും പഠിക്കാനുള്ള കാര്യങ്ങള്‍ കൃത്യമായി സ്കൂളില്‍ നിന്നും നല്‍കും.
വിദ്യാര്‍ത്ഥികള്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സ്കൂള്‍ കോമ്ബൗണ്ടില്‍ കാന്റീന് പ്രവര്‍ത്തിക്കില്ല, അതിനാല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളം, ലഘുഭക്ഷണം എന്നിവ സ്വന്തമായി കൊണ്ടുവരണം. പനി പോലുള്ള അസുഖ ലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ രക്ഷിതാക്കള്‍ സ്കൂളില്‍ അയക്കരുത്. സ്കൂള്‍ നേരിട്ടുള്ള ട്രാന്സ്പോര്ട്ടേഷന് സൗകര്യം ഉണ്ടാവില്ല, അതിനാല്‍ കുട്ടികളെ രക്ഷിതാക്കള്‍ തന്നെ സ്കൂളില്‍ എത്തിക്കുകയും തിരിച്ചു
കൊണ്ടുപോവുകയും വേണം. സ്കൂളിലുടനീളം കുട്ടികള്‍ ഫേസ് മാസ്ക് അണിഞ്ഞിരിക്കണം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ സാനിറ്റൈസര്‍ ചെയ്യല്‍, ശരീര ഊഷ്മാവ് പരിശോധിക്കല്‍ തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകളെല്ലാം കുട്ടികള്‍ പാലിക്കണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.