ന്യൂഡല്‍ഹി: ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ ആഗോള അഴിമതി സൂചികയില്‍ 40 പോയിന്റോടെ ഇന്ത്യ 85-ാം സ്ഥാനത്ത്.2020ല്‍ 180 രാജ്യങ്ങളില്‍ 86-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു സ്ഥാനം മാത്രമാണ് 2021ല്‍ മുകളിലേക്ക് കയറിയത്.ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയാണ് ഭേദമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 180 രാജ്യങ്ങളിലെ പൊതുമേഖലയില്‍ നിലനില്‍ക്കുന്ന അഴിമതി കണക്കുകളെ പൂജ്യം മുതല്‍ 100 വരെയുള്ള സ്കെയിലേക്ക് കൊണ്ടുവന്നാണ് സൂചിക നിര്‍ണയിക്കുന്നത്.
അതേസമയം, ഒരു ദശാബ്ദത്തോളമായി അഴിമതിയില്‍ മുങ്ങിയ രാജ്യമെന്ന അവസ്ഥയില്‍ നിന്ന് ഇന്ത്യക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സൂചിക പരിശോധിക്കുന്ന 180 രാജ്യങ്ങളില്‍ 2012ന് ശേഷം അഴിമതി നിയന്ത്രിക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും വരുത്താത്ത 86 ശതമാനം രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ മറ്റ് അയല്‍രാജ്യങ്ങളുടെ സ്കോറുകള്‍ യഥാക്രമം ചൈന (45), ഇന്തോനേഷ്യ (38), പാകിസ്ഥാന് (28), ബംഗ്ലാദേശ് (26) എന്നിങ്ങനെയാണ്. ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്. വെനസ്വേല, സൊമാലിയ, സിറിയ, ദക്ഷിണ സുഡാന് എന്നീ രാജ്യങ്ങളാണ് റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ളത്.
ഇന്ത്യയുടെ സ്ഥിതി ആശങ്കാജനകമാണെന്നും മൗലിക സ്വാതന്ത്ര്യവും സ്ഥാപനപരമായ പരിശോധനകളും മറ്റും കുറയുന്നതിനാല്‍ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് അഴിമതി കണക്കുകള്‍ വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. പൗരസ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നിരുത്തരവാദപരമായ നടപടികളിലൂടെ ഏഷ്യാ പസഫിക്, അമേരിക്ക, കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ എന്നീ രാജ്യങ്ങള്‍ അഴിമതിയെ അനിയന്ത്രിതമായി തുടര്‍ന്നുപോകാന്‍ അനുവദിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.