ദോഹ: ഖത്തറിലെ വ്യവസായ മേഖലയിലെ കടകളില്‍ മോഷണം നടത്തിയ പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് ആഫ്രിക്കൻ സ്വദേശികളായ പ്രതികളെ പിടികൂടിയത്. മോഷണമുതലും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വിവിധ കടകളില്‍ മോഷണം സ്ഥിരമാകുന്നതായി ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.അതേസമയം മോഷണം തടയാനായി ചില നിര്‍ദ്ദേശങ്ങള്‍ വ്യാപാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കടകളില്‍ സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അധികൃതര്‍ കട ഉടമകളോട് ആഹ്വാനം ചെയ്തു. കടകളുടെ വാതിലുകളും ജനലുകളും കൃത്യമായി പൂട്ടിയെന്ന് ഉറപ്പാക്കുകയും വേണം. ഇത്തരം മോഷണങ്ങള്‍ പ്രതിരോധിക്കാന്‍ എല്ലാവിധ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.