ഇസ്താംബുൾ : കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ചയിൽ കാർഗോ ടെർമിനലിന്റെ മേൽക്കൂര ഇടിഞ്ഞുവീണതോടെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്താംബുൾ എയർപോർട്ട് ഇന്നലെ അടച്ചു. സംഭവത്തിൽ ആളപായമില്ല. കാലാവസ്ഥ മോശമായതിനാൽ ഇവിടെ നിന്നുള്ള ഏതാനും വിമാന സർവീസുകളും റദ്ദാക്കി. ഇസ്താംബുളിൽ മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു.
ഷോപ്പിംഗ് മാളുകളും മറ്റും അടച്ചു. അതേ സമയം, ഗ്രീസിലെ ഏഥൻസിൽ സ്കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചതായും അധികൃതർ അറിയിച്ചു. കനത്ത ഇരുട്ടും ഗതാഗതകുരുക്കും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈജിയൻ ദ്വീപുകളിലും മഞ്ഞുവീഴ്ച വളരെ ശക്തമാണ്.