ദുബൈ: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നടക്കുന്ന റാപിഡ് പരിശോധനയില്‍ നിരവധി പ്രവാസികള്‍ കുടുങ്ങി.48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് റിസല്‍ട്ടിന്റെ ആത്മവിശ്വാസത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കാണ് ഈ ദുരവസ്ഥ. വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റിവാകുന്നവരുടെ എണ്ണം കൂടിയതോടെ അവസാന നിമിഷം യാത്ര മുടങ്ങുന്നവര്‍ നിരവധിയാണ്. ടിക്കറ്റ് റീഫണ്ട് ലഭിക്കാത്തതും വീണ്ടും ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടിവരുന്നതുമെല്ലാം ഇവരുടെ ഭാരം ഇരട്ടിയാക്കുന്നു.നേരത്തെ റീഫണ്ട് നല്‍കിയിരുന്ന വിമാനക്കമ്പനികള്‍ പോലും ഇപ്പോള്‍ ഇത് നിര്‍ത്തലാക്കിയത് ദുരിതം ഇരട്ടിയാക്കുകയാണ്. അതേസമയം, ഗള്‍ഫില്‍നിന്ന് പുറപ്പെടുമ്പോള്‍ പോസിറ്റിവായാല്‍ ഇതേ വിമാനക്കമ്ബനികള്‍ റീഫണ്ട് നല്‍കുന്നുമുണ്ട്. ഇത് രണ്ട് നീതിയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടല്‍ അനിവാര്യമാണെന്നും പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു
ഒമിക്രോണ്‍ വ്യാപനമാണ് പോസിറ്റിവുകാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, രണ്ട് സ്ഥലങ്ങളില്‍ രണ്ട് ഫലം വരുന്നതെങ്ങനെയാണെന്ന് പ്രവാസികള്‍ ചോദിക്കുന്നു. കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞുമക്കളോടൊപ്പം എയര്‍പോര്‍ട്ടിലെത്തിയ ശേഷം മാതാവിന് പോസിറ്റിവായതോടെ കുടുംബത്തിന്റെയൊന്നാകെ യാത്ര മുടങ്ങിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മകള്‍ക്ക് പോസിറ്റിവായതോടെ യാത്ര മുടങ്ങിയ കുടുംബം നെടുമ്പാശ്ശേരിയിലെത്തി യാത്ര തുടര്‍ന്ന സംഭവവുമുണ്ടായിരുന്നു.
കോഴിക്കോടും തിരുവനന്തപുരത്തും പോസിറ്റിവായതിനെ തുടര്‍ന്ന് കൊച്ചിയിലെത്തി നെഗറ്റിവ് ഫലം നേടി യാത്ര ചെയ്യുന്നവരും കുറവല്ല.കഴിഞ്ഞ ദിവസം വയനാട് സ്വദേശി 62കാരി സഫിയ പൊന്നിങ്ങതൊടിക്ക് സമാന അനുഭവമുണ്ടായി. നെഗറ്റിവ് റിസല്‍ട്ടുമായി വിമാനത്താവളത്തില്‍ എത്തിയ സഫിയയെ രാത്രി 7.30 നാണ് റാപിഡ് പരിശോധനക്ക് വിധേയയാക്കിയത്.ഫലം വന്നപ്പോള്‍ പോസിറ്റിവ് ആരോഗ്യപ്രശ്നങ്ങളുള്ളതിനാലും ഉടന്‍ യു.എ.ഇയില്‍ എത്തേണ്ടതുള്ളതിനാലും മക്കള്‍ ഇടപെട്ട് വാഹനത്തില്‍ കൊച്ചിയില്‍ എത്തിച്ചു.
പുലര്‍ച്ച അഞ്ചിന് ഇവിടെ നടത്തിയ പരിശോധനയില്‍ നെഗറ്റിവ്. രണ്ട് ടെസ്റ്റും ചെയ്തത് ഒരേ കമ്പനിയുടെ ലാബില്‍ തന്നെയാണ്. അവസാന നിമിഷമാണ് കൊച്ചിയിലെ ടിക്കറ്റ് പോലും ഉറപ്പായത്. പ്രായമായ ഉമ്മ ഏറെ ദുരിതം സഹിച്ചാണ് യു.എ.ഇയില്‍ എത്തിയത് എന്ന് മക്കള്‍ പറയുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലും നെഗറ്റിവായിരുന്നു.